ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ പിടിച്ചു തള്ളി സുരേഷ് ഗോപി
തൃശൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച ചോദ്യങ്ങളോട് വീണ്ടും ക്ഷുഭിതനായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശൂര്‍ രാമനിലയത്തിലാണ് സംഭവം. 'എന്റെ വഴി എന്റെ അവകാശമാണ്' എന്ന് പറഞ്ഞാണ് മന്ത്രി മാധ്യമങ്ങളുടെ നേരെ തിരിഞ്ഞത്. മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ അദ്ദേഹം മൈക്കും തട്ടിക്കളഞ്ഞു. ജനങ്ങള്‍ക്കറിയാനുള്ള ചോദ്യമാണ് തങ്ങള്‍ ഉന്നയിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ 'സൗകര്യമില്ല' എന്നായിരുന്നു മറുപടി. തുടര്‍ന്ന് കാറില്‍ കയറി വാതിലടച്ചു.
രാവിലെ മുകേഷ് എം.എല്‍.എ ഉള്‍പ്പെടെയുള്ള പ്രമുഖ നടന്മാര്‍ക്കെതിരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ 'ഒരു വലിയ സംവിധാനത്തെ തകിടം മറിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇത് നിങ്ങളുടെ തീറ്റയാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇതുവെച്ച് നിങ്ങള്‍ ക്യാഷുണ്ടാക്കിക്കോളൂ. കുഴപ്പമില്ല' എന്നായിരുന്നു സുരേഷ് ഗോപി ക്ഷുഭിതനായി പറഞ്ഞത്. എന്നാല്‍, ഈ വാദത്തെ തള്ളി പാര്‍ട്ടി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ രംഗത്തുവന്നു. സുരേഷ് ഗോപി ഒരു നടനെന്ന നിലയിലാണ് അത് പറഞ്ഞതെന്നും എന്നാല്‍, പാര്‍ട്ടിക്ക് മറ്റൊരു നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് രാജി വെക്കണമെന്നതാണ് ബി.ജെ.പി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് സുരേഷ് ഗോപി മാധ്യമങ്ങളുടെ നേരെ തിരിഞ്ഞത്.
സുരേഷ് ഗോപി രാവിലെ പറഞ്ഞത്: ' കോടതി വല്ലതും പറഞ്ഞോ മുകേഷിന്റെ കാര്യത്തില്‍, ആരോപണങ്ങള്‍ നിങ്ങള്‍ സൃഷ്ടിക്കുന്നതാണ്. എല്ലാം കോടതി പറയും. ആരോപണങ്ങളെ കുറിച്ച് നിങ്ങള്‍ 'അമ്മ'യില്‍ പോയി ചോദിക്കുക. അല്ലെങ്കില്‍ ഞാന്‍ അമ്മയില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കൂ, ഞാന്‍ ഓഫീസില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ഓഫീസിനെ സംബന്ധിച്ച കാര്യങ്ങള്‍ ചോദിക്കുക, വീട്ടില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ വീട്ടിലെ കാര്യങ്ങള്‍ ചോദിക്കുക. ഇപ്പോള്‍ ഞാന്‍ ഒരു വിശുദ്ധ സ്ഥലത്ത് നിന്നാണ് ഇറങ്ങി വരുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിങ്ങള്‍ക്ക് അറിയാനുണ്ടോ..ചോദിക്കൂ.. ഇത് നിങ്ങളുടെ തീറ്റയാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇതുവെച്ച് നിങ്ങള്‍ ക്യാഷുണ്ടാക്കിക്കോളൂ. കുഴപ്പമില്ല.