പൂരപ്പറമ്പിൽ സുരേഷ് ഗോപിയെ ആക്ഷന്‍ ഹീറോയാക്കി ഇറക്കി; വഴിവെട്ടിയത് അജിത്കുമാര്‍ എന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: പൂരം കലക്കലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്ര മേയത്തിൽ നിയമസഭയിൽ ചർച്ച ആരംഭിച്ചു. പൂരം കലക്കലിൽ ജുഡീഷൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കണമെന്ന് പ്രമേയം അവതരിപ്പിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. പൂരം കലക്കൽ വിഷയത്തിൽ സർക്കാരിനെതിരേ രൂക്ഷവിമർശനമാണ് തിരുവഞ്ചൂർ ഉന്നയിച്ചത്. പൂരത്തേ സർക്കാർ ലാഘവത്തോടെ കണ്ടെന്നും പൂരത്തെ രക്ഷിക്കാൻ വന്ന ഹീറോ എന്ന നിലയിൽ സുരേഷ് ഗോപിക്ക് സ്ഥാനം ഉണ്ടാക്കിക്കൊടുത്തെ ന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
പൂരം കലങ്ങിയപ്പോൾ മന്ത്രിമാരായ കെ. രാജനും ആർ. ബിന്ദുവിനും സ്ഥലത്തെത്താൻ കഴിഞ്ഞില്ല. അതേസമയം, തേര് എഴുന്നെള്ളിക്കും പോലെയാണ് സുരേഷ്‌ഗോപിയെ കൊണ്ടുവന്നത്. ആക്ഷൻ ഹീറോ പരിവേഷമാണ് ഗോപിക്ക് കിട്ടിയത്. പോലീസ് അറിയാതെ എങ്ങനെ സുരേഷ് ഗോപി ആംബുലൻസിൽ വന്നു. സേവാഭാരതിയുടെ ആംബുലൻസിന് പോകാൻ വഴി ഒരുക്കിയത് ആരാണ്, പോലീസല്ലേ. ഒരു രക്ഷകനാണ് സുരേഷ് ഗോപിയെന്നു വരുത്താനുള്ള ശ്രമമാണ് നടത്തിയതെന്നും തിരുവഞ്ചൂർ പറഞ്ഞു.
തൃശൂർ പൂരത്തിൽ എട്ടുവീഴ്‌ചകൾ ഉണ്ടായെന്നും തിരുവഞ്ചൂർ പറഞ്ഞു. മുന്നൊരുക്കങ്ങളിൽ വരെ വലിയ വീഴ്‌ചയുണ്ടായി. ആദ്യം എഴുന്നള്ളപ്പ് വന്നപ്പോൾ സ്വകാര്യ വാഹനങ്ങൾ കാരണം തടസപ്പെട്ടു. ജനത്തെ പോലീസ് ശത്രുവിനെ പോലെ കണ്ടുവെന്നും എഴുന്നെള്ളത്തിനിടെ വാഹനങ്ങൾ നിയന്ത്രിക്കാൻ പോലും നടപടി ഉണ്ടായിരുന്നില്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. എൽഡിഎഫ് സ്ഥാനാർഥി സുനിൽ കുമാറിന് കൊടുക്കാത്ത പ്രാധാന്യം എൻഡിഎയുടെ സ്ഥാനാർഥി സുരേഷ് ഗോപിക്കു നൽകിയത് എൻഡിഎ സ്ഥാനാർഥിയെ ജയിപ്പിക്കാനാ ണെന്നും തിരുവഞ്ചൂർ ആരോപിച്ചു.
അന്വേഷണം നടത്തി ഒരാഴ്‌ചയ്ക്കുള്ളിൽ റി പ്പോർട്ട് വാങ്ങുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ പൂരം കലക്കലിൽ പ്രതിസ്ഥാന ത്തുള്ള ആൾ അഞ്ചുമാസം കഴിഞ്ഞാണ് റിപ്പോർട്ട് നൽകിയത്. ആ തട്ടിക്കൂട്ട് റിപ്പോർട്ട് വച്ചാണ് സർക്കാർ ഇപ്പോഴും പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.