കുട്ടിയെ തട്ടിയെടുത്ത കാർ ഒരാഴ്ചയായി ഓയൂരിൽ, ശത്രുക്കളില്ലെന്നു മാതാപിതാക്കൾ
കൊല്ലം: കൊല്ലം ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉൾപ്പെട്ട കാർ ഒരാഴ്ചയായി ഓയൂരിലും പരിസരത്തും കണ്ടതായി സംശയിക്കുന്നു. എന്നാൽ കാറിലുണ്ടായിരുന്നവരെയോ അവരുടെ ലക്ഷ്യമോ ആർക്കും അറിയില്ല. തങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ശത്രുക്കൾ ഉള്ളതായി അറിയില്ലെന്നു കുട്ടിയുടെ അച്ഛൻ റെജി പറഞ്ഞു. സാമ്പത്തിക ഇടപാടുകളുമില്ല.
അതേ സമയം, സംഭവം നടന്ന് നാലു മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെ തട്ടിയെടുത്ത സംഘത്തെക്കുറിച്ച് വിവരമൊന്നും കിട്ടാത്തത് പൊലീസിനു വലിയ തലവേദനയായി.
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കേരളത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഭയാനകമാംവണ്ണം ആശങ്കയിലാക്കുകയാണ്. ഏതാനും മാസം മുൻപ് ആലുവയിൽ അതിഥി തൊഴിലാളികളുടെ ആറ് വയസുള്ള മകളെ മിഠായി കാണിച്ചു കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് അതിവേഗ പോക്സോ കോടതി വധ ശിക്ഷ വിധിച്ചിട്ട് അധിക ദിവസം ആയിട്ടില്ല. അതിനു മുൻപ്, ജനത്തിരക്കേറിയ റോഡിൽ വച്ച് ഒരു മലയാളി പെൺകുട്ടിയെ അജ്ഞാതർ തട്ടിക്കൊണ്ടു പോയതിന്റെ നടുക്കത്തിലാണ് കൊല്ലം ജില്ല മുഴുവൻ. ജില്ലയിലെ മുഴുവൻ റോഡുകളും കഴിഞ്ഞ രാത്രി നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു. കളിയിക്കാവിള, പുനലൂർ, തെന്മല തുടങ്ങിയ അതിർ മേഖലകളിലും തെരച്ചിൽ ശക്തമായിരുന്നു.
വൈകുന്നേരം 4.45 നു കാണാതായ കുട്ടിയെക്കുറിച്ച് രാത്രി 9.30നും ഒരു വിവരവും ലഭ്യമായിട്ടില്ല.