തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 2022–23 വർഷത്തെ സംസ്ഥാന, ജില്ലാ സ്വരാജ് ട്രോഫികൾ പ്രഖ്യാപിച്ചു. തിരുവനന്തപുരമാണു ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത്. (50 ലക്ഷം രൂപ). രണ്ടാം സ്ഥാനം കൊല്ലത്തിനു ലഭിച്ചു. (40 ലക്ഷം രൂപ). ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം നീലേശ്വരം (കാസർകോട്), പെരുമ്പടപ്പ് (മലപ്പുറം), വൈക്കം (കോട്ടയം) എന്നിവ പങ്കിട്ടു. ഒന്നാം സ്ഥാനത്തേക്കുള്ള അവാർഡ് തുകയായ 40 ലക്ഷം രൂപയും ഇവർ പങ്കിടും. രണ്ടും മൂന്നും സ്ഥാനങ്ങൾ ഒഴിവാക്കി.
ഗ്രാമപ്പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം കാസർകോട് ജില്ലയിലെ വലിയപറമ്പ നേടി. മുട്ടാർ (ആലപ്പുഴ ജില്ല), മരങ്ങാട്ടുപിള്ളി (കോട്ടയം) എന്നിവയ്ക്കാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ. 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്ന ക്രമത്തിലാണ് അവാർഡ് തുക.
നഗരസഭകളിൽ ഒന്നാം സ്ഥാനം ഗുരുവായൂരിനാണ്. രണ്ടും മൂന്നും സ്ഥാനങ്ങൾ വടക്കാഞ്ചേരി, ആന്തൂർ എന്നിവയ്ക്കാണ്. 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്നീ ക്രമത്തിലാണ് അവാർഡ് തുക. കോർപറേഷനുകളിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം നേടി (50 ലക്ഷം രൂപ). ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള ഗ്രാമപ്പഞ്ചായത്തുകൾക്ക് യഥാക്രമം 20 ലക്ഷം രൂപ, 10 ലക്ഷം രൂപ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. കണ്ണൂർ ജില്ലയിൽ 2 ഗ്രാമ പഞ്ചായത്തുകൾ തുല്യ സ്കോർ നേടി രണ്ടാം സ്ഥാനത്തെത്തിയതിനാൽ അവാർഡ് തുക വീതിച്ചു നൽകും.