ടി. പത്മനാഭന് സംസ്‌ക്കാര സാഹിതി ടാഗോര്‍ പുരസ്‌ക്കാരം
തിരുവനന്തപുരം: സംസ്‌ക്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ ടാഗോര്‍ പുരസ്‌ക്കാരത്തിന് മലയാള സാഹിത്യലോകത്തെ കഥയുടെ കുലപതി
ടി. പത്മനാഭനെ തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഈ മാസം 17നു രാവിലെ 10ന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സംസ്‌ക്കാര സാഹിതി വിചാരസദസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു.
ലോകസാഹിത്യ രംഗത്ത് മലയാള കഥയുടെ കരുത്തും സൗന്ദര്യവും കൊണ്ട് ഇടംപിടിച്ച അതുല്യനായ കഥാകാരനാണ് ടി. പത്മനാഭനെന്ന് ജൂറി വിലയിരുത്തി. ഈമാസം 17, 18 തിയ്യതികളില്‍ 'വിഭജനം; വിദ്വേഷം ഒരു സര്‍ഗവിചാരണ' എന്ന പേരില്‍ സംസ്‌ക്കാര സാഹിതി വിചാരസദസ് നടത്തും. സാംസ്‌ക്കാരിക, രാഷ്ട്രീയ, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നും ആര്യാടൻ ഷൗക്കത്ത് അറിയിച്ചു.