സമ്മതിദാനാവകാശം രേഖപ്പെടുത്തിയ ജനാധിപത്യ വിശ്വാസികൾക്ക് നന്ദി
തിരുവനന്തപുരം : ജനാധിപത്യത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ച് സമ്മതിദാനാവകാശം രേഖപ്പെടുത്തിയ ജനാധിപത്യ വിശ്വാസികൾക്ക് യു.ഡി.എഫ് തിരുവനന്തപുരം പാർലമെന്റ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി നന്ദി രേഖപ്പെടുത്തി.
തിരുവനന്തപുരം മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇത് യു.ഡി.എഫ് അനുകൂല തരംഗത്തെയാണ് സൂചിപ്പിക്കുന്നത്.
2009, 2014, 2019 തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആവർത്തനമായിരിക്കും ഇത്തവണയും. കൂടാതെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് മികച്ച ഭൂരിപക്ഷം നേടും. യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ വ്യാജപ്രചരണങ്ങൾ നടത്തിയിട്ടും തലസ്ഥാനത്തെ പ്രബുദ്ധരായ വോട്ടർമാർ അതെല്ലാം തള്ളിക്കളഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് ഉയർന്ന പോളിംഗ് ശതമാനം. തുടക്കം മുതൽ ശശി തരൂരിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ബി.ജെ.പിയും എൽ.ഡി.എഫും ശ്രമിച്ചതെന്നും തമ്പാനൂർ രവി പറഞ്ഞു.
രാവിലെ ഏഴുമുതൽ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയായിരുന്നു. കടുത്ത ചൂട് കാരണം പല സ്ഥലങ്ങളിലും രാവിലെയും വൈകുന്നേരങ്ങളിലും വോട്ടർമാരുടെ നീണ്ട നിര കാണുകയുണ്ടായി.
വോട്ടിംഗ് യന്ത്രത്തിലേയും തെരഞ്ഞെടുപ്പ് നടത്തിപ്പിലേയും പാളിച്ച കാരണം വിവിധ ബൂത്തുകളിൽ നിശ്ചിത സമയത്തിനു ശേഷവും നീണ്ട നിര പ്രകടമായി. ഓരോ പോളിംഗ് സ്റ്റേഷനുകളിലും വോട്ടർമാരുടെ എണ്ണത്തിൽ ക്രമീകരണം നടത്തിയിരുന്നുവെങ്കിൽ വോട്ടിംഗ് വേഗതയിലാക്കി പോളിംഗ് ശതമാനം കൂടുതൽ ഉയർത്താൻ കഴിയുമായിരുന്നുവെന്നും തമ്പാനൂർ രവി പറഞ്ഞു.