നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥരെ കേരളീയത്തിന് സംഭാവന പിരിക്കുന്ന ആളാക്കി മാറ്റിയെന്ന്; പ്രതിപക്ഷനേതാവ് വി ഡി സതീശൻ
തൃശൂർ: കേരളീയം പരിപാടിക്കുവേണ്ടി ജിഎസ്ടി ഇന്റലിജൻസിനെ ദുരുപയോഗം ചെയ്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏറ്റവും കൂടുതൽ സ്പോൺസർഷിപ്പ് സംഘടിപ്പിച്ചതിനാണ് ജിഎസ്ടി അഡീഷണൽ കമ്മീഷണറെ മുഖ്യമന്ത്രി ആദരിച്ചത്. നികുതി പിരിവ് നടത്തേണ്ട ഉദ്യോഗസ്ഥനെ സ്പോൺസർഷിപ്പ് പിരിക്കാൻ നിയോഗിച്ചത് ഗുരുതര തെറ്റാണെന്നും കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണ് പിണറായി ഭരണത്തിൽ നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നികുതി വെട്ടിപ്പുകാർക്ക് പേടിസ്വപ്നമാകേണ്ട ജിഎസ്ടി ഇന്റലിജൻസ് ഉദ്യോഗസ്ഥർ പണം പിരിക്കാൻ നടക്കുന്നത് അധികാര ദുർവിനിയോഗവും അപഹാസ്യവുമാണ്. ഖജനാവിലേക്ക് നികുതിയായി വരേണ്ട പണം കേരളീയത്തിന്റെ ഫണ്ടിലേക്ക് പോയെന്ന് സംശയിക്കണം. മാസങ്ങളായി സംസ്ഥാനത്തെ നിരവധി ക്വാറികളിലും സ്വർണ്ണക്കടകളിലും ജിഎസ്ടി ഇന്റലിജിൻസ് റെയ്ഡ് നടക്കുന്നുണ്ട്.
എന്നാൽ സർക്കാരിലേക്ക് നികുതി അടപ്പിക്കേണ്ടതിന് പകരം നിയമലംഘകരിൽ നിന്നും സ്പോൺസർഷിപ്പ് സംഘടിപ്പിച്ച് മുഖ്യന്ത്രിയിൽ നിന്ന് പുരസ്കാരം വാങ്ങാനാണ് ഉദ്യോഗസ്ഥർക്ക് തിടുക്കം. സംസ്ഥാന സർക്കാരിലേക്ക് ലഭിക്കേണ്ട തുകയുടെ ചെറിയ ശതമാനം സ്പോൺസർഷിപ്പ് നൽകി നികുതി വെട്ടിപ്പ് കേസുകൾ ഒത്തുതീർപ്പാക്കിയെന്നത് ഞെട്ടിക്കുന്നതാണ്. ഇത് ക്രിമിനൽ കുറ്റമാണ്. സ്വർണ്ണക്കടക്കാരേയും ക്വാറി, ബാർ ഉടമകളേയും ഭീഷണിപ്പെടുത്തിയും കടുത്ത സമ്മർദം ചെലുത്തിയുമാണ് ജിഎസ്ടി ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയാണെന്ന പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞു. ആരൊക്കെയാണ് കേരളീയത്തിന്റെ സ്പോൺസർമാരെന്നും എത്ര തുകയ്ക്ക് തുല്യമായ സ്പോൺസർഷിപ്പാണ് അവർ നൽകിയതെന്നും അടിയന്തരമായി സർക്കാർ വെളിപ്പെടുത്തണമെന്നും വി.ഡി. സതീശൻ പറഞ്ഞു.