നവജാതശിശുവിനെ കുഴിച്ചിട്ട പാടശേഖരം പ്രതികള്‍ കണ്ടെത്തിയത് കൃത്യമായ ആസൂത്രണത്തോടെ
ആലപ്പുഴ: നവജാതശിശുവിനെ കുഴിച്ചിട്ട ആളൊഴിഞ്ഞ പാടശേഖരം പ്രതികള്‍ കണ്ടെത്തിയത് കൃത്യമായ ആസൂത്രണത്തോടെ. പൂച്ചാക്കല്‍ സ്വദേശിനിയുടെ ആണ്‍സുഹൃത്ത് തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സഹായി തകഴി കുന്നുമ്മ മുട്ടിച്ചിറ കോളനി ജോസഫ് സദനത്തില്‍ അശോക് ജോസഫ് (30) എന്നിവര്‍ക്ക് പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.
ചൂണ്ടയിടാനെന്ന വ്യാജേന ഇരുവരും സ്ഥലത്തെത്തി പരിശോധന നടത്തിയശേഷമാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. നാട്ടുകാര്‍ക്കുപോലും എത്തപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലമാണിത്. കുന്നമ്മ വണ്ടേപ്പുറം പാടശേഖരത്തിലെ പുറംബണ്ടാണ് ഇതിനായി തെരഞ്ഞെടുത്തത്. പ്രധാനറോഡില്‍നിന്ന് രണ്ടുകിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്.പ്ലാസ്റ്റിക് കവറിലാക്കിയാണ് ചോരകുഞ്ഞിന്റെ മൃതദേഹം എത്തിച്ചത്. ഒന്നരടിയോളം വലിപ്പത്തില്‍ കുഴിയെടുത്താണ് കുഴിച്ചിട്ടത്. നേരത്തെ രാജസ്ഥാനില്‍ ഫോറന്‍സിക് സയന്‍സ് ബിരുദ പഠനത്തിനിടെയാണ് ഡോണയെ മറ്റൊരുസ്ഥാപനത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായ തോമസ് പരിചയപ്പെട്ടത്.
പിന്നീട്, തിരുവനന്തപുരത്തേക്ക് മാറിയപ്പോഴും ബന്ധം തുടര്‍ന്നു. ഇതിനിടെയാണ് ഗര്‍ഭിണിയായത്. ഇരുവരുടെയും വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചിരുന്നു. അവിവാഹിതയായിരിക്കെ പ്രസവിച്ചത് ആരുമറിയാതിരിക്കാനാണ് കാമുകനായ തോമസിന്റെയും സുഹൃത്തും സഹായിയുമായ അശോകിന്റെയും സഹായം തേടിയത്.
ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് കുഴിച്ചിട്ടാല്‍ കുറ്റകൃത്യം മാഞ്ഞുപോകുമെന്നാണ് ഇവര്‍ കരുതിയത്. പ്രസവത്തിന് പിന്നാലെ വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് എല്ലാരഹസ്യങ്ങളും പുറത്തായത്. ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചവരായിട്ടും എന്തിനാണ് ക്രൂരകൃത്യം ചെയ്തുവെന്ന കാര്യത്തില്‍ ദൂരൂഹതയുണ്ട്.