For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആരോപണങ്ങള്‍ വ്യാജം; താന്‍ ജീവിക്കുന്ന രക്തസാക്ഷിയെന്ന് ജയസൂര്യ

02:21 PM Oct 15, 2024 IST | Online Desk
ആരോപണങ്ങള്‍ വ്യാജം  താന്‍ ജീവിക്കുന്ന രക്തസാക്ഷിയെന്ന് ജയസൂര്യ
Advertisement

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ നടന്‍ ജയസൂര്യ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. സെക്രട്ടേറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ജയസൂര്യ ഹാജരായത്. രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാവാനായിരുന്നു പൊലീസ് നിര്‍ദേശം. എന്നാല്‍, മാധ്യമ ശ്രദ്ധ ഒഴിവാക്കാനായി ജയസൂര്യ രാവിലെ 8.15ന് തന്നെ ഹാജരാവുകയായിരുന്നു.
മൊഴി നല്‍കിയ ശേഷം പുറത്തേക്ക് വന്ന ജയസൂര്യ, തനിക്കെതിരേയുള്ള ലൈംഗികാതിക്രമ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിഷേധിച്ചു. വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും ആരോപണം ഉന്നയിച്ച സ്ത്രീയെ കണ്ടുപരിചയമുണ്ട് എന്നതിനപ്പുറം യാതൊരു ബന്ധവുമില്ലെന്നും ജയസൂര്യ ആവര്‍ത്തിച്ചു.
'രണ്ട് വ്യാജ ആരോപണങ്ങളാണ് എനിക്കെതിരേ വന്നിരിക്കുന്നത്. ഞാനാണ് എന്ന രീതിയില്‍ സൂചന കൊടുത്തുകൊണ്ട് ഒരു സ്ത്രീ പലയിടങ്ങളില്‍ സംസാരിച്ചു. ഞാനല്ലെന്ന് പിന്നീട് അവര്‍ പലയിടത്തും മാറ്റിപ്പറഞ്ഞതായും കണ്ടും. 2013ല്‍ തൊടുപുഴയില്‍ നടന്ന ഷൂട്ടിങ്ങിനിടയിലാണ് മോശം അനുഭവം തനിക്കുണ്ടായതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ 2013ല്‍ അങ്ങനെയൊരു ഷൂട്ടിങ് പോലും നടന്നിട്ടില്ല. 2011ല്‍ തന്നെ ആ സിനിമാഷൂട്ടിങ് അവസാനിച്ചിരുന്നു. തൊടുപുഴയിലായിരുന്നില്ല, കൂത്താട്ടുകുളത്തായിരുന്നു ഷൂട്ടിങ് നടന്നത്. അപ്പോള്‍ പിന്നെ എന്തിനാണ് ഇത്തരം ആരോപണങ്ങളുമായി വന്നിട്ടുള്ളത് എന്ന് എനിക്കറിയില്ല. 2008ല്‍ സെക്രട്ടേറിയറ്റില്‍ വെച്ച് ഒരു സംഭവം നടന്നുവെന്ന് പറയുന്നുണ്ട്. സെക്രട്ടേറിയറ്റിന് പുറത്ത് ഗാനരംഗം ചിത്രീകരിക്കാന്‍ രണ്ട് മണിക്കൂര്‍ പെര്‍മിഷന്‍ മാത്രമേ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നുള്ളൂ. അതിനിടയിലേക്ക് എങ്ങനെയാണ് അവര്‍ എത്തിയതെന്ന് പോലും എനിക്കറിയില്ല' - ജയസൂര്യ പറഞ്ഞു.
'എനിക്കെതിരേയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിയുന്നത് വരെ ഇതിനെതിരേ നിയമപോരാട്ടം നടത്തും. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാന്‍ എന്നാണ് വിശ്വസിക്കുന്നത്. ആരോപണം ഉന്നയിച്ചയാളെ കണ്ടുപരിചയമുണ്ട്. അത് പലതരത്തിലുള്ള ചാരിറ്റി ചെയ്തതിന്റെ ഭാഗമായുള്ള പരിചയമാണ്. അവരുമായി മറ്റൊരു സൗഹൃദവും എനിക്കില്ല'. സുഹൃത്താണെങ്കില്‍ എന്തിനാണ് ഇപ്പോള്‍ ഇത്തരം ആരോപണവുമായി മുന്നോട്ടുവരുന്നതെന്നും ജയസൂര്യ ചോദിച്ചു.
അതേസമയം, രണ്ട് മാസം മുന്‍പാണ് ആലുവയില്‍ താമസിക്കുന്ന നടി പൊലീസിന് പരാതി നല്‍കിയത്. 2008ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ ജയസൂര്യ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. സെക്രട്ടേറിയേറ്റില്‍ വെച്ചായിരുന്നു ഈ ഷൂട്ടിങ് നടന്നത്.
ഷൂട്ടിങ്ങിനിടെ ശുചിമുറിയില്‍ നിന്ന് വരുമ്പോള്‍ തന്നെ പുറകില്‍ നിന്ന് കടന്നു പിടിച്ചു എന്നാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. കൂടാതെ വൈകിട്ട് നടന്‍ തന്നെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ആരോപണങ്ങള്‍ നിഷേധിച്ച ജയസൂര്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കുറ്റമാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ജയസൂര്യക്കെതിരെ സമാനമായ മറ്റൊരു കേസും നിലവിലുണ്ട്.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.