തൊഴിലാളി പാർട്ടിയെ തകർക്കുന്ന മുതലാളി ഐക്യം
വീക്ഷണത്തിനുള്ള ആഴ്ചക്കുറിപ്പെഴുതാൻ പേനയെടുത്തപ്പോൾ പല വിഷയങ്ങളും ഓർമയിലെത്തി. എങ്കിലും കഴിഞ്ഞ ആഴ്ച പറഞ്ഞു നിർത്തിയ സിപിഎമ്മിനുള്ളിലെ അന്തർനാടകത്തെക്കുറിച്ചു തന്നെ വീണ്ടും എഴുതണമെന്ന് തീരുമാനിക്കുകയായിരുന്നു. 24ാമതു പാർട്ടി കോൺഗ്രസിനു മുന്നോടിയായി കേരളത്തിൽ നടന്ന ആദ്യത്തെ ജില്ലാ സമ്മേളനം എന്റെ വീടിന്റെ വിളിപ്പുറത്തായതിനാലും അവിടെ കേട്ട അപശബ്ദങ്ങൾ കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് തീരെ യോജിച്ചതല്ലെന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ടുമാണ് വീണ്ടും അതേ വിഷയം ഏറ്റുപിടിച്ചത്.
ഞാനൊരു കോൺഗ്രസ് പ്രവർത്തകനാണെങ്കിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരിക്കലും മൂടറ്റ് പൊകരുതെന്ന ആഗ്രഹമുണ്ട്. എന്നെപ്പോലുള്ള സാധാരണ പ്രവർത്തകരോ നേതാക്കളോ മാത്രമല്ല, പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെയും യുവ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെയും പോലുള്ള സമുന്നത കോൺഗ്രസ് നേതാക്കളും അതാഗ്രഹിച്ചിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മതേതര നിലപാടുകളായിരുന്നു അതിനു കാരണം. അതുകൊണ്ടാണ് മതിയായ അംഗബലമില്ലാതിരുന്നിട്ടും 1951-52ലെ ആദ്യ ലോക്സഭയിൽ കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെ നെഹറു ഔദ്യോഗിക പ്രതിപക്ഷ നേതാവായി അവരോധിച്ചത്. സഭയിൽ തനിക്ക് അനുവദിച്ച സമയം കൂടി എകെജിക്കു നൽകി നെഹ്റുജി തന്റെ ഗവണ്മെന്റിനെ തുറന്നു വിമർശിക്കാൻ അവസരം നൽകുകയും ചെയ്തു.
ലോക്സഭയിലെ ഏറ്റവും വലിയ കക്ഷിയായിട്ടും രണ്ടു തവണ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സിപിഎം നേതാവ് ജ്യോതി ബസുവിനെ ക്ഷണിച്ച കോൺഗ്രസ് പ്രസിഡന്റാണ് രാജീവ് ഗാന്ധി. അന്നു സിപിഎം അതു നിഷേധിച്ചു. ചരിത്രപരമായ മണ്ടത്തരമെന്നു സിപിഎമ്മിലെ തന്നെ മുതിർന്ന നേതാക്കൾ പിൽക്കാലത്തു വിലയിരുത്തിയ നിരാസമായിരുന്നു അത്. ലോക്സഭയുടെ ചരിത്രത്തിലാദ്യമായി സഭാധ്യക്ഷനായി ഒരു സിപിഎം നേതാവിനെ, സോമനാഥ് ചാറ്റർജിയെ അവരോധിച്ചതും കോൺഗ്രസാണ്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങും ചേർന്ന്.
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനു ക്ഷീണം സംഭവിച്ചാൽ പകരം വരേണ്ടത് വർഗീയ ഫാസിസ്റ്റ് ഭരണകൂടങ്ങളല്ല, സോഷ്യലിസ്റ്റ് മനോഭാവം പുലർത്തുന്ന കമ്യൂണിസ്റ്റുകളായിരിക്കണമെന്നായിരുന്നു പണ്ഡിറ്റ് നെഹ്റുവിന്റെ ആഗ്രഹം. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് വന്നാലും പ്രധാനമന്ത്രി സ്ഥാനമടക്കം മറ്റു കക്ഷികൾക്കു വിട്ടുകൊടുക്കുന്നതിൽ എതിർക്കില്ലെന്നു തെരഞ്ഞെടുപ്പിനു വളരെ മുൻപേ തുറന്നു പറഞ്ഞ നേതാവാണ് രാഹുൽ ഗാന്ധി. ഈ ഉറപ്പിലാണ് ഇടതു കക്ഷികളെക്കൂടി ഉൾപ്പെടുത്തി വിശാലമായ ഇന്ത്യാ സഖ്യത്തിനു കോൺഗ്രസ് മുന്നിട്ടിറങ്ങിയത്. സീതാറാം യെച്ചൂരി, ഡി. രാജ, എൻ.കെ. പ്രേമചന്ദ്രൻ, ദേബബ്രത ബിശ്വാസ് തുടങ്ങിയ ഇടതു പക്ഷ നേതാക്കളെല്ലാം അതിന് അനുകൂലമായിരുന്നു. മുഖം തിരിച്ചത് കേരളത്തിൽ നിന്നുള്ള പിണറായി വിജയനും അദ്ദേഹത്തിന്റെ വിശ്വസ്തരും മാത്രം.
പശ്ചിമ ബംഗാളിലും തൃപുരയിലും ദീർഘകാലം അധികാരത്തിലിരുന്ന സിപിഎം അവിടെ നാമാവശേഷമായി. ചെങ്കൊടി അവശേഷിക്കുന്നത് കേരളത്തിലാണ്. ഇവിടെയും അവരുടെ അവസാനത്തെ മുഖ്യമന്ത്രിയാവും പിണറായി വിജയനെന്ന കാര്യം അടിവരയിട്ടുറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിലെ പ്രതിനിധികൾ ഉയർത്തിയ വിമർശനങ്ങൾ.
പാർട്ടി സമ്മേളനത്തിൽ പ്രതിനിധികൾ ഉയർത്തിയ വിമർശനങ്ങളെക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മറുപടി പ്രസംഗമാണ്. സിപിഎമ്മിന്റെ ഏതൊക്കെയോ ഓഫീസുകൾ കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടന്നിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. ലഹരി ഇടപാടുകൾക്കു പാർട്ടിയെ മറയാക്കുന്നു എന്നും ഗോവിന്ദൻ തുറന്നു സമ്മതിച്ചു. ഒരുകാലത്ത് പാവപ്പെട്ട തൊഴിലാളി വർഗത്തിന്റെ മോചനത്തിനു തണലൊരുക്കിയ ചോരച്ചെങ്കൊടി ഇപ്പോൾ ലഹരി ഇടപാടിനും സ്വർണക്കടത്തിനും ഗൂണ്ടാപ്പിരിവിനും നേതാക്കളുടെ ബിസിനസ് സാമ്രാജ്യങ്ങൾക്കു സംരക്ഷണം ഒരുക്കാനുമാണെന്ന് പാർട്ടി അണികളും നേതാക്കളും ഒരുപോലെ തുറന്നു സമ്മതിക്കുന്ന കാലമെത്തിയിരിക്കുന്നു.
പണം ചെലവാക്കി പാർട്ടി പിടിക്കുകയും അങ്ങനെ പിടിക്കുന്ന പാർട്ടിയെ ഉപയോഗിച്ചു ലഹരികടത്തും സ്വർണക്കടത്തും നടത്തുന്ന പാർട്ടി സംവിധാനമായി ലോക്കൽ കമ്മിറ്റികളും അവയുടെ ഓഫീസുകളും മാറിയ അനുഭവങ്ങളുണ്ടെന്നു തുറന്നു സമ്മതിക്കുന്നത് പാർട്ടിയുടെ സംസ്ഥാനത്തെ അവസാന വാക്കായ സെക്രട്ടറി തന്നെയാണ്. എന്നാൽ ഈ പ്രസ്താവനയെക്കാൾ എന്നെ ഞെട്ടിച്ചത്, അത്തരക്കാർക്കെതിരേ നടപടി എടുക്കാൻ കഴിയാതെ നേതൃത്വം നിസ്സാഹയരായിപ്പോയി എന്ന അദ്ദേഹത്തിന്റെ കുറ്റസമ്മതമാണ്.
ജില്ലാ സെക്രട്ടറിക്കടക്കം അറിയാമായിരുന്നിട്ടും ലഹരി മാഫിയയുടെ കരുത്തിൽ നടപടി നീണ്ടു. ലഹരിക്കച്ചവടത്തിലൂടെ അതിസമ്പന്നരായ ചിലർ പാർട്ടി പിടിച്ചടക്കിയതാണ് ഈ ദുരന്തത്തിനു കാരണമെന്നും ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെന്നല്ല, ഇന്ത്യയുടെ ചരിത്രത്തിൽ എന്നെങ്കിലും എവിടെയെങ്കിലും കേട്ടിട്ടുള്ളതാണോ ഒരു അംഗീകൃത രാഷ്ട്രീയ പാർട്ടിയുടെ ഓഫീസ് കേന്ദ്രമാക്കി ലഹരിക്കച്ചവടം നടന്നു, അല്ലെങ്കിൽ നടക്കുന്നു എന്ന് അതിന്റെ മുതിർന്ന ഭാരവാഹി തന്നെ തുറന്നു സമ്മതിക്കുന്നത്? അക്കാര്യം അറിഞ്ഞിട്ടും നടപടി എടുക്കാൻ കഴിയാത്ത നേതൃത്വത്തിന്റെ ഗതികേടിന് ആരാണ് ഉത്തരവാദി?
കഴിഞ്ഞ എട്ടു വർഷമായി സംസ്ഥാന ഭരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും വീടും കേന്ദ്രീകരിച്ചു നടന്ന അവിശുദ്ധ ഇടപാടുകളെ കുറിച്ച് അറിയാവുന്ന അണികൾ ഇത്തരം അവിശുദ്ധ ഇടപാടുകൾക്കു മുതിരുന്നതിൽ കുറ്റം പറയാനാവില്ല. മോന്തായം വളഞ്ഞാൽ മൊത്തം വളയും എന്നാണല്ലോ പറയാറ്. സ്വർണം മുതൽ ചെമ്പുകലം വരെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലും ഔദ്യോഗിക വസതിയിലും വന്നു പോകുന്നത്. എല്ലാ അന്വേഷണങ്ങളും ഈ ഓഫീസുകളുടെ പടിക്കൽ വരെ വന്ന് എത്തിനോക്കിയ ശേഷം കമാന്നു മിണ്ടാതെ മടങ്ങിപ്പോവുകയാണ്. അതു കാണുന്ന ചെറുകിട നേതാക്കളും സമാനമായി പ്രവർത്തിക്കുന്നതിൽ അവരെ കുറ്റപ്പെടുത്താനോ നിയന്ത്രിക്കാനോ പാർട്ടിക്കു കഴിയാതെ വരുന്നതു സ്വാഭാവികം. 'എമ്പ്രാനല്പം കട്ടുഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും' എന്നാണല്ലോ നാട്ടുനടപ്പ്.
സംസ്ഥാന ഭരണം ഏറ്റവും മോശപ്പെട്ട നിലയിലാണെന്നാണു സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിലുയർന്ന പൊതുവികാരം. ഭരണപരിചവും പാർട്ടി പാരമ്പര്യവുമുള്ളവരെ മാറ്റി നിർത്തി കാര്യപ്രാപ്തിയില്ലാത്തവരെ മന്ത്രിമാരാക്കിയതിന്റെ വീഴ്ചയാണ് ഭരണത്തിൽ പ്രതിഫലിക്കുന്നതെന്നു കുറ്റപ്പെടുത്തുന്നത് സ്വന്തം പാർട്ടിയുടെ ജില്ലാ തല കേഡർ പ്രതിനിധികളാണ്. കെ.കെ. ഷൈലജ, ഡോ. ടി.എം. തോമസ് ഐസക്ക്, ജി സുധാകരൻ തുടങ്ങിയ പരിചയ സമ്പന്നരെ ഒഴിവാക്കി മരുമകൻ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയതിനെതിരേ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.
സാമൂഹ്യ സുരക്ഷാ പെൻഷൻ മുതൽ ക്ഷേമനിധി ആനുകൂല്യങ്ങൾ വരെ ഏറെ നാളായി മുടങ്ങിക്കിടക്കുന്നു. അധിക നികുതിഭാരവും വിലക്കയറ്റവും കൊണ്ട് ജനങ്ങൾ പൊറുതി മുട്ടുന്നു. അപ്പോഴെല്ലാം പണമില്ലെന്നാണ് സർക്കാർ പറയുന്നത്. പണമില്ലെന്നു പറയാൻ എന്തിനാണൊരു സർക്കാരെന്നു തുറന്നടിച്ച പ്രതിനിധി സംസ്ഥാനത്തെ സാധാരണ ജനങ്ങളുടെ പൊതുവികാരമാണ് പ്രകടമാക്കിയത്.
അബ്കാരി രാജാക്കന്മാരുടെയും കള്ളക്കടത്ത് സംഘത്തിന്റെയും കുബേരന്മാരുടെയും കൈകളിലാണു പാർട്ടി എന്നാണു മറ്റൊരു ആക്ഷേപം. കുത്തക ബൂർഷ്വാ മുതലാളിത്തത്തിനെതിരേ സമരം ചെയ്ത സഖാക്കളുടെ പിന്മുറക്കാർ സ്വയം ബൂർഷ്വാ മുതലാളിത്തത്തിന്റെ ഉടമകളായി. തൊഴിലാളി ഐക്യമെന്നല്ല, മുതലാളി ഐക്യമെന്നു തിരുത്തി വിളിക്കേണ്ട സമയമായെന്നാണു സാധാരണ പ്രവർത്തകരുടെ വികാരം.
സ്വകാര്യ സ്വത്ത് സമ്പാദനത്തിന്റെ പേരിലുള്ള തർക്കങ്ങളാണ് പാർട്ടി സമ്മേളനങ്ങളിലെ അടിക്കെല്ലാം പിന്നിലെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെടാൻ കാരണം ഇത്തരം സ്വകാര്യ സ്വത്ത് സമ്പാദനമാണ്.
കരുനാഗപ്പള്ളിയിൽ പാർട്ടിഭരണത്തിലുള്ള സ്കൂൾ വക സ്ഥലത്തിനു ദേശീയ പാത അതോറിറ്റിയിൽ നിന്നു ലഭിച്ച നഷ്ടപരിഹാരം നേതാക്കളുടെ ഭാര്യമാരുടെ പേരിലാണു നിക്ഷേപിച്ചത്. അവിടെത്തന്നെ ഊരാളുങ്കൽ ലേബർ സൊസൈറ്റി മാതൃകയിൽ കൺസ്ട്രക്ഷൻ കമ്പനി രജിസ്റ്റർ ചെയ്ത് സർക്കാർ വക കരാറുകളടക്കം ഏറ്റെടുത്തു നിറവേറ്റുന്നു. അതിന്റെ ലാഭവിഹിതം സംസ്ഥാന കമ്മിറ്റി മുതൽ ഏരിയ കമ്മിറ്റി വരെയുള്ള നേതാക്കൾ പങ്കു വയ്ക്കുമ്പോൾ അണികൾക്ക് ഒന്നും കിട്ടുന്നില്ല. അതാണു കരുനാഗപ്പള്ളിയിൽ തെരുവിലിറങ്ങി പാർട്ടി അംഗങ്ങൾ പ്രതിഷേധിക്കാൻ കാരണം. അവർക്കെതിരേ ചെറുവിരലനക്കാൻ നേതൃത്വത്തിനു കഴിഞ്ഞില്ല. അഴിമതിയുടെ പങ്കു പറ്റാത്തവർ നേതൃത്വത്തിലില്ലാത്തതാണു കാരണമെന്നു പ്രതിനിധികൾ പറയുന്നു. ഭാരവാഹിത്വമുണ്ടെങ്കിൽ എന്തുമാകാം എന്ന വിശ്വാസമാണ് പാർട്ടി പിടിച്ചടക്കാൻ കള്ളക്കടത്തുകാരെയും കരിഞ്ചന്തക്കാരെയും ലഹരി വില്പനക്കാരെയും സ്വർണക്കടത്തു കാരെയും നിർബന്ധിതമാക്കുന്നത്. എന്റെ നാടായ ശൂരനാടിനടുത്ത് പൂട്ടിപ്പോയ കശുവണ്ടി ഫാക്റ്ററി തുറപ്പിക്കാനല്ല, അതു നിന്ന സ്ഥലത്തെ മണ്ണെടുത്ത് വിറ്റ് കമ്മിഷനടിക്കാനാണ് ശൂരനാട് ഏരിയ കമ്മിറ്റിയിലെ ചില നേതാക്കൾ ശ്രമിച്ചത്.ജില്ലയിലെ തന്നെ ഏറ്റവും വലിയ കശുവണ്ടി ഫാക്റ്ററികളിലൊന്ന് പ്രവർത്തിച്ചത് കൊട്ടിയത്തായിരുന്നു. അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളെ നിയമാനുസൃതമുള്ള ആനുകൂല്യങ്ങൾ പോലും നൽകാതെ പിരിച്ചു വിട്ട ശേഷം ഫാക്റ്ററി പൊളിച്ച് കൂറ്റൻ ഷോപ്പിങ് മാൾ നിർമിക്കുന്ന തിരക്കിലാണ് ഇവിടുത്തെ ലോക്കൽ കമ്മിറ്റി.
പണ്ടൊക്കെ തൊഴിലാളികളുടെ അവകാശ സംരക്ഷണ പോരാട്ടമായിരുന്നു പാർട്ടിക്കും നേതാക്കൾക്കും പ്രധാനം. സഖാക്കളുടെ ചികിത്സ, മക്കളുടെ കല്യാണം, വിദ്യാഭ്യാസം, വീട്. തൊഴിൽ എന്നിവയൊക്കെയായിരുന്നു പാർട്ടിയുടെ സ്വപ്നങ്ങൾ. എന്നാൽ ഇന്നതല്ല സ്ഥിതി. തൊഴിലാളികളെ പാടേ അവഗണിക്കുകയും മുതലാളിമാരെ സംരക്ഷിക്കുകയും പാർട്ടിയിൽ പുതിയ മുതലാളിമാരെ സൃഷ്ടിക്കുകയുമാണ് മുഖ്യം. ആശുപത്രികൾ, ഷോപ്പിങ് മാളുകൾ, അബ്കാരി ബിസിനസ്, സ്വർണക്കടത്ത്, ലഹരിക്കച്ചവടം തുടങ്ങിയ വൻകിട ബിസിനസിലാണ് നേതാക്കളുടെ കണ്ണും കാതും. പാർട്ടി തളരുകയും നേതാക്കളുടെ കച്ചവടം തഴയ്ക്കുകയും ചെയ്യുകയാണ്. അതിന്റെ തീരെ ചെറിയ പതിപ്പാണ് കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ഉന്നയിച്ച ആക്ഷേപങ്ങൾ. പാർട്ടി ഓഫീസുകളിൽ ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്നു പാർട്ടി സെക്രട്ടറി കൂടി തുറന്നു സമ്മതിച്ചതോടെ ചിത്രം പൂർത്തിയായി. ഏതൊരു പ്രസ്ഥാനത്തിനും ചില അപചയങ്ങളൊക്കെ സംഭവിച്ചേക്കാം. എന്നാൽ അടിമുടി അധഃപതിച്ച സിപിഎമ്മിനെ പോലൊരു പ്രസ്ഥാനം നമ്മുടെ രാജ്യത്തില്ലെന്ന് തുറന്നു സമ്മതിക്കുകയാണ് അതിന്റെ കേഡർ പ്രതിനിധികൾ പോലും.