പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ശുചിമുറിയില്‍ കോണ്‍ക്രീറ്റ് സീലിംഗ് ഇളകി വീണു; ഉദ്യോഗസ്ഥന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ആലപ്പുഴ: നഗരത്തിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ശുചിമുറിയില്‍ കോണ്‍ക്രീറ്റ് സീലിംഗ് ഇളകി വീണു. തിരുവനന്തപുരം ലീഗല്‍ മെട്രേളജി വകുപ്പിലെ ഉദ്യോഗസ്ഥന്‍ തലനാരിഴയ്ക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇന്നലെ സെക്രട്ടേറിയറ്റിലെ ടോയ്ലറ്റിലുണ്ടായ അപകടത്തില്‍ ജീവനക്കാരിക്ക് ഗുരുതര പരിക്കേറ്റതിന് പിന്നാലെയാണ് ആലപ്പുഴയിലും അപകടമുണ്ടായിരിക്കുന്നത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ആലപ്പുഴ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസിലേയ്ക്ക് പരിശോധനയ്ക്ക് എത്തിയതായിരുന്നു ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍. പിഡബ്ല്യുഡി റസ്റ്റ് ഹൗസിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. രാവിലെ ടോയ്ലറ്റില്‍ പോയ ശേഷം ഒരു ഉദ്യോഗസ്ഥന്‍ പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് സീലിംഗ് തകര്‍ന്ന് വീണത്. അല്‍പ്പം വൈകിയിരുന്നെങ്കില്‍ അദ്ദേഹം അപകടത്തില്‍പ്പെട്ടേനെ. ലീഗല്‍ മെട്രേളജി വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട് ജി ആര്‍ അനിലാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കോണ്‍ക്രീറ്റ് നിലത്ത് വീണ് പൊട്ടിച്ചിതറിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പിഡബ്ല്യുഡി റസ്റ്റ് ഹൗസ് പൊതു ജനങ്ങള്‍ക്ക് ഉള്‍പ്പെടെ തുറന്ന് കൊടുക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് ഇത്തരമൊരു അപകടമുണ്ടായിരിക്കുന്നത്. ജി സുധാകരന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് അവസാനമായി റസ്റ്റ് ഹൗസില്‍ അറ്റകുറ്റ പണികള്‍ നടത്തിയിരുന്നു.