സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനാ ഭാരവാഹികള്‍ തമ്മില്‍ കൂട്ടത്തല്ല്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സംഘടനാ ഭാരവാഹികള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. സെക്രട്ടേറിയറ്റിലെ സിപിഎം സര്‍വീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനിലെ നേതാക്കന്‍മാര്‍ തമ്മിലുള്ള വാക്കേറ്റമാണ് കയ്യാങ്കളിയിലേക്ക് പോയത്. പ്രസിഡന്റിന്റെ വിഭാഗവും ജനറല്‍ സെക്രട്ടറി വിഭാഗവും തമ്മിലാണ് പോരടിച്ചത്. ഏതാനും മാസങ്ങളായി ഇരുവിഭാഗവും രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ജനറല്‍ സെക്രട്ടറി ചീഫ് എഡിറ്ററായ മാഗസീനില്‍ എതിര്‍ വിഭാഗത്തിലെ ഭാരവാഹികളുടെ ഫോട്ടോ ചെറുതായതാണ് ഇന്നലെ ഭാരവാഹികള്‍ തമ്മില്‍ വാക്കേറ്റം നടന്നത്. കാന്റീന്‍ മാനേജിംഗ് കമ്മിറ്റി അംഗത്തിന്റെ ഫോട്ടോ മുഖ മാസികയായ സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ അപ്രധാനമായി കൊടുത്തതിനെ കാന്റീന്‍ മാനേജിംഗ് കമ്മിറ്റി അംഗം പത്രാധിപകരായ നിര്‍വ്വാഹക സമിതി അംഗത്തോട് ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വര്‍ഷങ്ങളായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഹണി ആ സ്ഥാനത്ത് നിന്ന് മാറണമെന്നാവശ്യവും ശക്തമാണ്. എന്നാല്‍ ഇതിനോടെന്നും ഹണി അനുകൂലികള്‍ യോജിച്ചിരുന്നില്ല. ജനറല്‍ സെക്രട്ടറിയുടെ പക്ഷക്കാരനായ സെക്രട്ടറിയെ മര്‍ദ്ദിച്ചെന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ സംഘടന ഹാളില്‍ വച്ചായിരുന്നു വാക്കേറ്റം തുടങ്ങിയത്. ഇരുപക്ഷവും നടന്ന ചര്‍ച്ച അടിയിലേക്ക് കലാശിക്കുകയായിരുന്നു.
സംഘടന ഹാളില്‍ അടി നടക്കുന്ന വിവരം അറിഞ്ഞ് ഹണി അനുകൂലിയായ സിപിഎം സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് ഹാളില്‍ എത്തിയപ്പോഴേക്കും വാക്കേറ്റം രൂക്ഷമായി. ഹാളില്‍ നിന്ന് ഇരുപക്ഷത്തേയും ഇറക്കിവിട്ടു. തുടര്‍ന്ന് ചേരിതിരിഞ്ഞ് സെക്രട്ടേറിയറ്റ് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ തര്‍ക്കങ്ങളുമുണ്ടായി. ജീവനക്കാരുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ ഇവരുടെ ചേരിതിരിഞ്ഞുള്ള അടി ചര്‍ച്ചയായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ജൂണ്‍ മാസമാണ് സംഘടനയുടെ വാര്‍ഷിക യോഗം. തെരഞ്ഞെടുപ്പ് കാലത്തെ ചേരിതിരിഞ്ഞുള്ള അടി സിപിഎം ഗൗരവമായി എടുത്തിരിക്കുകയാണ്. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി പുതിയ ആളുകള്‍ സംഘടനയെ നയിക്കാന്‍ വരട്ടെയെന്ന നിലപാടാണ് സിപിഎം പാര്‍ട്ടി സെക്രട്ടറിയുടേത്.