സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി തുടരുന്നു. സംസ്ഥാനത്താകെ 57,712 അപേക്ഷകരാണുള്ളത്. മലപ്പുറത്തെ 16, 881 അപേക്ഷകരും ഇതില്‍ ഉള്‍പ്പെടും. പാലക്കാട് 8,139 ഉം കോഴിക്കോട് 7,192 ഉം അപേക്ഷകരുണ്ട്. 16,881 അപേക്ഷകര്‍ മലപ്പുറത്തുണ്ടെങ്കിലും 6937 സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതായത് 9000ത്തിലധികം സീറ്റുകളുടെ കുറവ്.
സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ നല്‍കാനുള്ള സമയം ഇന്നലെ കഴിഞ്ഞിട്ടും അപേക്ഷകളുടെ കണക്കുകള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടിരുന്നില്ല. ഇന്ന് രാവിലെ പുറത്തു വിട്ട കണക്കില്‍, മലബാറിലെ സീറ്റ് പ്രതിസന്ധി രൂക്ഷമായി തന്നെ തുടരും എന്ന സൂചനയാണുള്ളത്. അപേക്ഷകരുടെ എണ്ണം നോക്കി കൂടുതല്‍ താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. പക്ഷേ എല്ലാവര്‍ക്കും സീറ്റ് കിട്ടുമോയെന്നത്തില്‍ ആശങ്ക തുടരുകയാണ്.
അതേസമയം പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ കമ്മീഷന്‍ ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മലപ്പുറത്തെ 24 സര്‍ക്കാര്‍ സ്‌കൂളുകളിലെ പരിശോധന പൂര്‍ത്തിയാക്കിയാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കമ്മീഷന്‍ അംഗങ്ങളായ ഹയര്‍സെക്കന്‍ഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടര്‍ ആര്‍. സുരേഷ് കുമാര്‍, മലപ്പുറം ആര്‍ഡിഡി ഡോ. പിഎം അനില്‍ എന്നിവര്‍ ഇന്ന് നേരിട്ട് തിരുവനന്തപുരത്ത് വെച്ചായിരിക്കും റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുക.