'ബോധമില്ലാത്ത ആനയല്ല കഴിവുകെട്ട സർക്കാരാണ് പ്രതി'; പ്രതിപക്ഷനേതാവ് വിഡി സതീശൻ
തിരുവനന്തപുരം: വയനാട്ടില്‍ ആന കര്‍ഷകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാംപ്രതി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ്. ബോധമില്ലാത്ത ആനയല്ല, കഴിവുകെട്ട സര്‍ക്കാരാണ് പ്രതിയെന്നും വി.ഡി.സതീശന് നിയമസഭയിൽ പറഞ്ഞു. വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ച് വരുമ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ജനം രക്ഷപെടുന്നത് അവരുടെ ഭാഗ്യംകൊണ്ട് മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇടത് സര്‍ക്കാര്‍ ഭരിക്കുന്നതുകൊണ്ടോ പിണറായി മുഖ്യമന്ത്രി ആയിരിക്കുന്നതുകൊണ്ടോ ആണ് വന്യമൃഗങ്ങള്‍ കാട്ടില്‍നിന്ന് ഇറങ്ങിവരുന്നതെന്ന് തങ്ങള്‍ പറഞ്ഞില്ല. എന്നാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.
സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തെയും നിസംഗതയെയുമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. ഇത് നേരിടാനുള്ള എന്ത് സംവിധാനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സതീശന് ചോദ്യമുന്നയിച്ചു. മരണഭയത്തിലുള്ള ആളുകള്‍ വൈകാരികമായി പ്രതികരിക്കും. അവരെ മാവോയിസ്റ്റുകളായി ചിത്രീകരിക്കേണ്ടെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.