കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട എബ്രഹാമിൻ്റെ മൃതദേഹം സംസ്കരിച്ചു
കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട എബ്രഹാമിൻ്റെ മൃതദേഹം സംസ്കരിച്ചു. കൂരാച്ചുണ്ടിൽ നിന്ന് വിലാപയാത്രയായി കൊണ്ടു വന്ന മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് കക്കയം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം. അന്ത്യ ശുശ്രൂഷകൾക്ക് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നേതൃത്വം നൽകി.
പ്രതിഷേധത്തിൽ നിന്ന് സംയുക്ത സമരസമിതി പിൻ വാങ്ങിയെങ്കിലും വൻ പൊലീസ് സന്നാഹത്തിലാണ് എബ്രഹാമിൻ്റെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് ജന്മനാട്ടിലേക്ക് പോയത്.
ജില്ലാ കലക്ടറുമായി ഇന്നലെ രാത്രി നടത്തിയ മൂന്നാംവട്ട ചർച്ചയോടെ പ്രതിഷേധം അവസാനിപ്പിക്കാൻ ധാരണയായിരുന്നു. എബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാൻ വനംവകുപ്പ് ഉത്തരവിറക്കിയിരുന്നുവെങ്കിലും നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.ധനസഹായമായ പത്ത് ലക്ഷം രൂപ കുടുംബത്തിന് വനംവകുപ്പ് ഇന്ന് കൈമാറും.