For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 35ആയി; 100-ലേറെപ്പേർ ചികിത്സയിൽ

11:14 AM Jun 20, 2024 IST | Online Desk
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 35ആയി  100 ലേറെപ്പേർ ചികിത്സയിൽ
Advertisement

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെയെണ്ണം 35 ആയി. 100-ലേറെപ്പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കുറിച്ചി ജില്ലാ കളക്‌ടർ ശ്രാവൺ കുമാറിനെ സ്ഥലം മാറ്റി. ജില്ലാ പോലീസ് സൂപ്രണ്ട് സമയ് സിങ് മീണയെയും മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു.അന്വേഷണം ക്രൈംബ്രാഞ്ച് സി.ഐ.ഡി.ക്കു കൈമാറി.

Advertisement

ചെന്നൈയിൽനിന്ന് 250 കിലോമീറ്ററോളം അകലെ, കള്ളക്കുറിച്ചി പട്ടണത്തിനടുത്തുള്ള കരുണാപുരത്താണ് മദ്യദുരന്തമുണ്ടായത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലുമായി വ്യാജമദ്യവിൽപ്പനക്കാരിൽനിന്ന് പാക്കറ്റു ചാരായം വാങ്ങിക്കഴിച്ച കൂലിത്തൊഴിലാളികളാണ് വിഷമദ്യ ദുരന്തത്തിനിരയായത്. മദ്യപിച്ചു വീട്ടിലെത്തിയ ഉടനെ തലവദേനയും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് പത്തോളം പേരെ രാത്രിതന്നെ കള്ളക്കുറിച്ചി ഗവൺമെന്റ് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച കൂടുതൽപേർ ആശുപത്രികളിലെത്തി. വിദഗ്ധ ചികിത്സ വേണ്ടവരെ പുതുച്ചേരി ജിപ്‌മർ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ചികിത്സയിലുള്ളവരിൽ ഏഴുപേരുടെ നില ഗുരുതരമാണ്.

വ്യാജമദ്യ വിൽപ്പന നടത്തിയ കണ്ണുക്കുട്ടി എന്ന ഗോവിന്ദരാജനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളിൽനിന്ന് 200 ലിറ്റർ മദ്യം പിടിച്ചു. മദ്യത്തിൽ മെഥനോളിൻ് അംശം കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. വ്യാജമദ്യം തടയുന്നതിൽ വീഴ്‌ച വരുത്തിയെന്നു കണ്ടതിനെത്തുടർന്നാണ് കളക്ടറെയും പോലീസ് സൂപ്രണ്ടിനെയും മാറ്റിയതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. എം.എസ്. പ്രശാന്ത് ആണ് പുതിയ കളക്ടർ.

Tags :
Author Image

Online Desk

View all posts

Advertisement

.