വിവാഹത്തലേന്ന് മുങ്ങിയ വരനെപ്പോലെ അരുണ്‍ ഗോയല്‍; തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി സംശയവും ദുരൂഹതയും സൃഷ്ടിക്കുന്നു
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയലിന്റെ രാജി സംശയവും ദുരൂഹതയും സൃഷ്ടിക്കുന്നു. രാജി ഞെട്ടലോടെയാണ് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ കേട്ടത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് വരെ ഉദ്ഘാടനങ്ങളും പദ്ധതി പ്രഖ്യാപനങ്ങളും നാടുനീളെ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സര്‍ക്കാര്‍ ചിലവില്‍ തിരഞ്ഞെടുപ്പ് റാലിക്ക് സമാനമായ സമ്മേളനങ്ങളും നടത്തുന്നത് ധാര്‍മികമായും ജനാധിപത്യപരമായും ശരിയായ നടപടികളല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചിറകരിയാന്‍ നേരത്തെതന്നെ നടപടികള്‍ ആരംഭിച്ചിരുന്നു. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനുള്ള കൊളീജിയത്തില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്ത് മന്ത്രിസഭയിലെ ഒരംഗത്തെ നിയമിക്കാനുള്ള നിയമ ഭേദഗതി കൊണ്ടുവന്നത്.
അരുണ്‍ ഗോയലിന്റെ രാജി ഇരുപത്തിനാല് മണിക്കൂറിനകം സ്വീകരിച്ച കേന്ദ്രസര്‍ക്കാര്‍ രാജിയുടെ കാരണം വെളിപ്പെടുത്താതിരിക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
തിരഞ്ഞെടുപ്പ് വിജയിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ എന്ത് അതിക്രമങ്ങള്‍ക്കും മടിക്കാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അരുണ്‍ ഗോയല്‍ രാജിവെച്ചതോടെ കമ്മീഷനില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ്കുമാര്‍ മാത്രമായി. അനൂപ് ചന്ദ്രപാണ്‌ഡെ നേരത്തെ വിരമിച്ചിരുന്നു. 2022 നവംബര്‍ ഒന്നിനാണ് ഗോയലിനെ നിയമിച്ചത്. 2027 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു. രാജീവ്കുമാര്‍ വിരമിക്കുമ്പോള്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാകേണ്ടയാളാണ് ഗോയല്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ സജീവമായ് പ്രവര്‍ത്തിക്കുകയായിരുന്നു അരുണ്‍ ഗോയല്‍. പൊടുന്നനെയുള്ള രാജി ഏവരെയും വിസ്മയിപ്പിച്ചു. സര്‍ക്കാരുമായുള്ള ഭിന്നതയാണോ അതല്ല സര്‍ക്കാരിന്റെ മറ്റെന്തെങ്കിലും വാഗ്ദാനത്തിന്റെ പേരിലാണോ രാജിയെന്ന് ആര്‍ക്കും നിശ്ചയമില്ല. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ അദ്ദേഹം വിവിധ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുകയും വിവിധ വകുപ്പുകളുമായ് ചര്‍ച്ച നടത്തി വരികയുമായിരുന്നു. ഗോയലിന്റെ രാജിയോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഭാരവും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമലിലായി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ സങ്കീര്‍ണമാക്കാനും ബിജെപി യുടെ അജണ്ടയിലുള്ള കാര്യങ്ങള്‍ നടപ്പാക്കാനുള്ള സാവകാശത്തിന് വേണ്ടിയാണ് സ്വയം നിര്‍മിത പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്നും കരുതുന്നവര്‍ കുറവല്ല. രാജ്യമെമ്പാടുമുള്ള ദൃശ്യമാധ്യമങ്ങളിലൂടെയും അച്ചടി മാധ്യമങ്ങളിലൂടെയും മോദിയുടെ പ്രതിച്ഛായ നിര്‍മാണം പാരമ്യത്തിലെത്തിയിരിക്കയാണ്. സര്‍ക്കാര്‍ മാധ്യമങ്ങളിലും വകുപ്പുകളിലും മോദി കീര്‍ത്തനങ്ങള്‍ മാത്രമാണ് കാണാനും കേള്‍ക്കാനുമുള്ളത്. ഹിറ്റ്‌ലറുടെയും മുസോളനിയുടെയും കാലത്ത് ജര്‍മനിയിലും ഇറ്റലിയിലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെയും പ്രതിച്ഛായ നിര്‍മിതിക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ ചിലവഴിച്ചിരുന്നു. വിവരസാങ്കേതിക വിദ്യയും മറ്റും അതിവിപുലമായ ഇക്കാലത്ത് അന്നത്തേതിന്റെ ആയിരമിരട്ടി പണമാണ് ഇന്ത്യ ഗവണ്‍മെന്റ് പിആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവിടുന്നത്. ഏകാധിപത്യത്തിന്റെ കുളമ്പടി ഇത്തരത്തിലാണ് യൂറോപ്പിലും പിന്നീട് ലോകമെങ്ങും ഉയര്‍ന്നത്. ഒരുകാലത്തും ഒരു പ്രധാനമന്ത്രിയും ഇത്തരത്തില്‍ സ്വന്തം അപദാനങ്ങള്‍ വാഴ്ത്താനും മുഖം മോടിപിടിപ്പിക്കാനും പൊതുഖജനാവിനെ ദുര്‍വിനിയോഗം ചെയ്തിട്ടില്ല. കുട്ടികളുടെ മനസ്സുകളിലൂടെയും വാക്കുകളിലൂടെയും മോദി സ്തുതി മുഴക്കിക്കൊണ്ട് അതൊക്കെ മുതിര്‍ന്നവരിലേക്കും സന്നിവേശിപ്പിക്കാനുള്ള സൂത്രമാണ് ഈ പരസ്യങ്ങളിലൂടെ ഉപയോഗിക്കപ്പെടുന്നത്.
ഇത്തരം ഏകാധിപത്യ നടപടികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നതയുണ്ടെന്നും തന്റെ പാര്‍ശ്വവര്‍ത്തികള്‍ മാത്രംമതി കമ്മീഷനിലെന്നും മോദി കരുതുന്നു. 2019 ല്‍ മോദിയും അമിത്ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയും നിരവധി തവണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. പല പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളും നേതാക്കളും നല്‍കിയ പരാതികള്‍ക്ക് കടലാസിന്റെ വിലപോലും കല്‍പ്പിക്കാതെ നിരാകരിക്കുകയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍. മൂന്നാള്‍ നടത്തേണ്ട ഉത്തരവാദിത്വങ്ങള്‍ ഒരാളിലേക്ക് ചുരുക്കി അയാളെ മാത്രം നിയന്ത്രിക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. അനൂപ് ചന്ദ്രപാണ്‌ഡെയുടെ ഒഴിവ് നികത്താന്‍ തയ്യാറാവാതിരുന്നതും അരുണ്‍ ഗോയലിന്റെ രാജി ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സ്വീകരിച്ചതും വ്യക്തമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ്. സര്‍ക്കാരിനോട് ഇടഞ്ഞായാലും സര്‍ക്കാര്‍ അറിവോടെയാണെങ്കിലും ഗോയലിന്റെ രാജി വലിയ ആപല്‍ ചിഹ്നങ്ങളാണ് ഉയര്‍ത്തുന്നത്. താലി കെട്ടേണ്ടയാള്‍ വിവാഹത്തലേന്ന് ഒളിച്ചോടിയതുപോലെ ഭീരുത്വം നിറഞ്ഞ നടപടിയാണ് അരുണ്‍ ഗോയലിന്റേത്.