യാത്രയയപ്പ് ഒരുക്കിയതില്‍ ഗൂഢാലോചന സംശയിച്ച് കുടുംബം; നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുത്തു
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന് യാത്രയയപ്പ് ഒരുക്കിയതില്‍ ഗൂഢാലോചന സംശയിച്ച് കുടുംബം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരന്‍ പ്രവീണ്‍ ബാബുവുമാണ് ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. മൊഴിയില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പത്തനംതിട്ട മലയാലപ്പുഴയിലെത്തി മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് ഒരു മണിക്കൂര്‍ 50 മിനിറ്റ് നീണ്ടു.
രണ്ടാം തവണയാണ് അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി നവീന്‍ ബാബുവിന്റെ സംസ്‌കാരത്തിന് മുമ്പ് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അന്ന് കുടുംബം മനോവിഷമത്തിലായിരുന്നത് കാരണം വിശദമായി മൊഴിയെടുക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല.
അതേസമയം, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ അഡ്വ.കെ.കെ രത്‌നകുമാരിയെ തെരഞ്ഞെടുത്തു. പി.പി ദിവ്യ രാജിവെച്ച ഒഴിവിലാണ് പുതിയ അധ്യക്ഷയ്ക്കായി വോട്ടെടുപ്പ് നടന്നത്. 24 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് 17 അംഗങ്ങളുണ്ട്. പി.പി ദിവ്യയുടെ അഭാവത്തില്‍ കെ.കെ രത്‌നകുമാരിക്ക് 16 വോട്ടുകള്‍ ലഭിച്ചു. ജാമ്യവ്യവസ്ഥ പരിഗണിച്ചാണ് പി.പി ദിവ്യ വോട്ടുചെയ്യാന്‍ എത്താതിരുന്നതെന്നാണ് വിശദീകരണം