സെക്രട്ടേറിയറ്റ് അസോസിയേഷൻ നേതാവിൻ്റെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാൾ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കിന് നേതൃത്വം നൽകിയതിൻ്റെ പേരിൽ സർവീസിൽ നിന്നും സസ്പെൻ്റ് ചെയ്ത കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ നിർവാഹക സമിതി അംഗവും ഉന്നത വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനുമായ ജെയിംസ് മാത്യുവിൻ്റെ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റ് അനക്സിന് മുന്നിൽ ഉണ്ടായ സംഘർഷത്തിൻ്റെ പേരിലാണ് സർക്കാർ പ്രതികാര നടപടി സ്വീകരിച്ചത്.
അതേസമയം അനക്സിന് മുന്നിൽ പ്രചരണം നടത്തുകയായിരുന്ന അസോസിയേഷൻ പ്രവർത്തകർക്കിടയിലേക്ക് മോട്ടോർ സൈക്കിൾ ഇടിച്ചു കയറ്റി പ്രവർത്തകരെ തെറിയഭിഷേകം നടത്തിയ എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകർക്കെതിരായി യാതൊരു നടപടിയും സ്വീകരിക്കാതെ സെക്രട്ടേറിയറ്റ് അസോസിയേഷൻ നേതാവിനെ അകാരണമായും പ്രാഥമിക അന്വേഷണം പോലും നടത്താതെ സസ്പെൻറ് ചെയ്ത നടപടിയിൽ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് പരാതി പരിശോധിക്കാനും ജെയിംസ് മാത്യുവിൻ്റെ സസ്പെൻഷൻ പിൻവലിക്കാനും സർക്കാർ തീരുമാനിച്ചത്.
സത്യം വിജയിക്കുമെന്നതിൻ്റെ സാക്ഷ്യമാണ് സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം എന്നും അവകാശ പ്രക്ഷോഭങ്ങൾ കരുത്തോടെ മുന്നോട്ട് കൊണ്ടു പോകുമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി
തിബീൻ നീലാംബരൻ, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ പ്രസ്താവിച്ചു.