സംസ്ഥാനം പ്രതിസന്ധിയിൽ തുടരുമ്പോഴും, കെടുകാര്യസ്ഥതയും ദുര്‍ഭരണവുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാനം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും കെടുകാര്യസ്ഥതയും ദുര്‍ഭരണവുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ 59-ാം വാര്‍ഷിക സമ്മേളനം തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റേറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. മറ്റൊരു കാലത്തും ഉണ്ടാകാത്ത തരത്തിലുള്ള മിസ്മാനേജ്‌മെന്റാണ് ധനകാര്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും 40000 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. 19 ശതമാണം ഡിഎ യും ല്‍കാനുണ്ട്. എന്നാല്‍ ഓഡര്‍ ഇറക്കിയപ്പോള്‍ അനുവദിച്ചത് വെറും രണ്ടു ശതമാനം മാത്രം.
മെഡിസെപ്പ് പദ്ധതി പൂര്‍ണ പരാജയമായി മാറി, മെഡിസെപ്പിലെ പ്രശനങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു നടപടിയുമില്ല. നികുതി പിരിവ് താറുമാറായി. പിരിവ് വര്‍ധിപ്പിക്കാനായി സര്‍ക്കാര്‍ ഇടപെടുന്നില്ല.
സര്‍ക്കാരിന്റെ ഒത്താശയോടെ സംസ്ഥാനത്ത് ഗുണ്ടകള്‍ വിളയാടുകയാണ്. സാധാരണക്കാര്‍ക്കു സമാധാനത്തോടെ ജീവിക്കാന്‍ വയ്യെന്നായി. പോലീസിന്റെ മൂക്കിന്‍തുമ്പില്‍ ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുമ്പോള്‍ അവര്‍ നിസഹായരായി നോക്കി നില്‍ക്കുകയാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. ഗുണ്ടളെ പേടിച്ച് കാപ്പ നിയമം പോലും നടപ്പിലാക്കുന്നില്ല. സംസ്ഥാനത്തെ ആരോഗ്യവകുപ്പിലും ഗുരുതരമായ വീഴ്ചകളാണ് സംഭവിക്കുന്നത്. കൈയ്ക്കു പകരം നാവില്‍ ശസ്ത്രക്രിയ നടത്തുന്നു. ഇത്തരത്തിലുള്ള പിഴവുകള്‍ സംഭവിക്കുമ്പോഴും റിപ്പോര്‍ട്ട് പരിശോധിക്കട്ടെയെന്നു മാത്രമാണ് ആരോഗ്യ മന്ത്രിയുടെ നിലപാട്. റിപ്പേര്‍ട്ടുകള്‍ പരിശോധിക്കുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും, കേരളത്തെ ഇത്രമാത്രം തകര്‍ത്തെറിഞ്ഞ മറ്റൊരു സര്‍ക്കാര്‍ വേറെ ഉണ്ടായിട്ടില്ലെന്നും വി.ഡി. സതീശന്‍ കൂട്ടിചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് പാലോട് രവി, കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്. ബാബു, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍, അടൂര്‍ പ്രകാശ് എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, എം. വിന്‍സെന്റ്് എംഎല്‍എ, മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍, ചവറ ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.