കുഴല്‍നാടനെ വേട്ടയാടുന്ന സര്‍ക്കാര്‍ പി വി അന്‍വറിന്റെ ഭൂമികയ്യേറ്റത്തിന് കുടപിടിക്കുന്നു
സ്വന്തം ലേഖകന്‍
കോഴിക്കോട്: രാഷ്ട്രീയ പ്രതികാരം തീര്‍ക്കാന്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ വേട്ടയാടുന്ന സര്‍ക്കാറും സിപിഎമ്മും സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂമി തട്ടിപ്പുകാരനായ എംഎല്‍എയ്ക്ക് കുട പിടിക്കുന്നു. ലാന്‍ഡ് ബോര്‍ഡ് ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും അന്‍വറിന്റെ കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാനോ ചെറുവിരലനക്കാനോ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ ഒരു പരാതി കിട്ടിയ മുറയ്ക്ക് മാത്യുവിനെതിരെ നടപടിയും തുടങ്ങി.
പി വി അന്‍വര്‍ എംഎല്‍എയും രണ്ടാം ഭാര്യ പി വി ഹഫ്‌സത്തും പിവിആര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് പാര്‍ടണര്‍ഷിപ്പ് ഫേം രൂപീകരിച്ച് 11 ഏക്കര്‍ ഭൂമി വാങ്ങിയത് ഭൂപരിഷ്‌ക്കരണ നിയമം മറികടക്കാനാന്‍ ബോധപൂര്‍വ്വം ചെയ്തതാണെന്നും ഇത് ലാന്റ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ ചമച്ച രേഖയാണെന്നും താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ഓഥറൈസ്ഡ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഭൂമി രജിസ്‌ട്രേഷനില്‍ കേരള സ്റ്റാമ്പ് ആക്ട് ലംഘിച്ചതായും ഉടമ്പടി കരാറിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നുമുള്ള അതീവ ഗുരുതരമായ കണ്ടെത്തലാണ് ഓഥറൈസ്ഡ് ഓഫീസര്‍ ലാന്റ് ബോര്‍ഡില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുളളത്. ഇളവുകള്‍ കഴിച്ച് 14.39 ഏക്കര്‍ ഭൂമി അന്‍വര്‍ സര്‍ക്കാരിന് വിട്ടു നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിലെ പിവിആര്‍ നാച്വറോ പാര്‍ക്ക് നില്‍ക്കുന്ന 11 ഏക്കര്‍ ഭൂമിയാണ് 60 ശതമാനം ഉടമസ്ഥാവകാശത്തോടെ മാനേജിങ് പാര്‍ടണറായ പി വി അന്‍വറിന്റെയും 40 ശതമാനം രണ്ടാം ഭാര്യ പി വി ഹഫ്‌സത്തിന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്തത്. പാര്‍ടണര്‍ ഷിപ്പ് ഫേം ആയതിനാല്‍ ഭൂപരിഷ്‌ക്കരണ നിയമത്തില്‍ നിന്നും ഇളവ് അനുവദിക്കണമെന്നാണ് അന്‍വര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ അപേക്ഷയാണ് ഓഥറൈസ്ഡ് ഓഫീസര്‍ തള്ളിയത്.
നവകേരള സദസിലുള്‍പ്പെടെ അന്‍വറിനെതിരെ പരാതി കിട്ടിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച മുഖ്യമന്ത്രി എല്ലാ രാഷ്ട്രീയ മര്യാദയും ലംഘിച്ചാണ് മാത്യു കുഴല്‍നാടനെ വേട്ടയാടുന്നത്. അന്‍വറിന്റെ അധിക ഭൂമി തിരിച്ചുപിടിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ ഇടുക്കിയില്‍ എംഎം മണിയുടെ സഹോദരനുള്‍പ്പെടെ കയ്യേറിയ ഭൂമിയ്ക്കു നേരെയും കണ്ണടയ്ക്കുകയാണ്. കോഴിക്കോട് തിരുവമ്പാടിയില്‍ മുന്‍ എംഎല്‍എയും പിണറായി വിജയന്റെ അടുപ്പക്കാരനുമായ ജോര്‍ജ് എം തോമസിന്റെ ഭൂമി കയ്യേറ്റവും സര്‍ക്കാര്‍ അറിഞ്ഞ മട്ടില്ല. ജോര്‍ജ് എം തോമസ് അനധികൃതമായ് കൈവശം വച്ച 5.75 ഏക്കര്‍ മിച്ചഭൂമിയായി കണ്ടുകെട്ടാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് വന്നു കഴിഞ്ഞു. മിച്ചഭൂമിയെന്ന് നേരത്തേ സ്ഥിരീകരിച്ച ഈ വസ്തുവില്‍ ഇരുനില വീട് നിര്‍മിക്കുന്നതായും ഓഥറൈസ്ഡ് റിപ്പോര്‍ട്ടര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ അന്‍വര്‍ മുതല്‍ ജോര്‍ജ് എം തോമസ് വരെയുള്ളവരെ സര്‍ക്കാര്‍ വഴിവിട്ട് സംരക്ഷിക്കുകയാണ്.