'ഗവര്‍ണറെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണം': ആരിഫ് മുഹമ്മദ് ഖാനെതിരെ പരിഹാസവുമായി കെ ടി ജലീല്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. ആരിഫ് മുഹമ്മദ് ഖാന്‍ താമസിക്കേണ്ടത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗെസ്റ്റ് ഹൗസിലല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി അദ്ദേഹത്തെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സര്‍വകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാന്‍സലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഗവര്‍ണര്‍ക്കെതിരെ സമരത്തിലുള്ള എസ്.എഫ്.ഐക്ക് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു.
സര്‍വകലാശാല സെനറ്റുകളിലെ നോമിനേറ്റഡ് സീറ്റുകളില്‍ ആര്‍.എസ്.എസ് നോമിനികളെ നിയമിച്ച് ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ച് എസ്.എഫ്.ഐ ശക്തമായ സമരവുമായി രംഗത്തെത്തിയതോടെ ഗവര്‍ണറും സര്‍ക്കാറും പരസ്യമായ ഏറ്റുമുട്ടലിലാണ്. എസ്.എഫ്.ഐയെ രംഗത്തിറക്കിയത് മുഖ്യമന്ത്രിയാണെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇതിനെതിരെ രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ കലുഷിതാന്തരീക്ഷം സൃഷ്ടിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആഗ്രഹിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ് ഏതെങ്കിലും ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാള്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുക എന്നത്. ക്രിമിനല്‍സ്, ബ്ലഡി, റാസ്‌ക്കല്‍സ് എന്നൊക്കെയുള്ള കഠിന പദങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ വിളിച്ചുപറയുന്നത്. ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ഈ വിധത്തിലാണോ ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.