ഭാര്യക്ക് വരുമാനമുണ്ടെങ്കിലും കുട്ടിക്ക് ചെലവിന് കൊടുക്കാന്‍ ഭര്‍ത്താവിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി
ന്യൂഡല്‍ഹി: ഭാര്യക്ക് ആവശ്യത്തിന് വരുമാനമുണ്ടെങ്കിലും കുട്ടിക്ക് ചെലവിന് കൊടുക്കാന്‍ ഭര്‍ത്താവിന് ബാധ്യതയുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ദമ്പതിമാരുടെ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് 7,000 രൂപ ഇടക്കാല ജീവനാംശം നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഭര്‍ത്താവ് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ഭാര്യക്ക് നല്ല വരുമാനമുള്ളതിനാല്‍ കുട്ടിക്ക് താന്‍ ചെലവിന് നല്‍കേണ്ടതില്ലെന്ന ഭര്‍ത്താവിന്റെ വാദമാണ് കോടതി തള്ളിയത്. 22,000 രൂപ മാത്രമാണ് തന്റെ വരുമാനമെന്നും ആറ് പേര്‍ തന്നെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. കൂടാതെ, അമ്മക്ക് കുട്ടിയെ പരിപാലിക്കാനുള്ള സാമ്പത്തിക വരുമാനം ഉണ്ടെന്നും ഭര്‍ത്താവ് പറഞ്ഞു.
ഭാര്യക്ക് വരുമാനമുള്ള ജോലിയുള്ളത് കുട്ടിയോടുള്ള ഭര്‍ത്താവിന്റെ ബാധ്യത ഇല്ലാതാക്കുന്നില്ലെന്ന് ജസ്റ്റിസ് സുമീത് ഗോയല്‍ വ്യക്തമാക്കി. മാതാപിതാക്കളെ ആശ്രയിച്ചുകഴിയുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാന്‍ പിതാവിനും ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം ഇടക്കാല ചെലവ് നല്‍കണമെന്ന കുടുംബക്കോടതിയുടെ ഉത്തരവ് ഈ വിഷയത്തിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ഹൈകോടതി അറിയിച്ചു.