പശ്ചിമബംഗാളില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് വിട്ട് കൊല്‍ക്കത്ത ഹൈകോടതി. കൊല്‍ക്കത്തയിലെ ആര്‍.ജി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പി.ജി ട്രെയിനി ഡോക്ടറാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് സി.ബി.ഐക്ക് വിട്ടത്. കോടതി മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജികളിലാണ് തീര്‍പ്പുണ്ടായിരിക്കുന്നത്.
കേസന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത്രയും കാലം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഈ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അന്വേഷണം വഴിതെറ്റുമെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഭയപ്പെടുന്നതായും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണ സാഹചര്യങ്ങളില്‍ ഞങ്ങള്‍ ഒരു റിപ്പോര്‍ട്ട് ആവശ്യപ്പെടുമായിരുന്നു. എന്നാല്‍, കേസ് വിചിത്രമാണ്. ഈയൊരു സാഹചര്യത്തില്‍ സമയം നഷ്ടമാക്കാതെ ഉത്തരവ് പുറപ്പെടുവിക്കേണ്ടത് അത്യാവശ്യമാണ്. അന്വേഷണം നീണ്ടുപോയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ ആശങ്കയും പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു.