വിശുദ്ധ ഹജ്ജിന് നാളെ തുടക്കം
രണ്ട് ദശലക്ഷം തീർഥാടകർ പങ്കെടുക്കുന്ന ഹജ്ജിന്‍റെ സുപ്രധാന കർമങ്ങൾക്ക് നാളെ ആരംഭിക്കും. മിനാ താഴ്വാരത്തിലേക്ക് ഇന്ന് രാത്രി മുതൽ തീർഥാടക ഒഴുക്കായിരിക്കും. ഹജ്ജിന്‍റെ ആദ്യനാൾ തീർഥാടകർ താമസിക്കുന്നത് മിനായിലാണ്.
ഇത്തവണ കൂടുതൽ മികവുകളോടെയാണ് 25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിനാ താഴ്വര തീർഥാടകർക്ക് തങ്ങാനുള്ള വിശാലസൗകരങ്ങളുമായി ഒരുങ്ങിയിട്ടുള്ളത്. ഹൈടെക് സംവിധാനങ്ങളുള്ള മിനാ റസിഡൻഷ്യൽ ടവറുകളും തീർഥാടകർക്കായി തുറന്നുകൊടുത്തിട്ടുണ്ട്.
സ്റ്റാർ ഹോട്ടലിന് സമാനമാണ് ഇവിടുത്തെ താമസസൗകര്യങ്ങൾ. ഇതിലൂടെ 30,000 തീർഥാടകർക്ക് കൂടി താമസസൗകര്യമായി. ശനിയാഴ്ചയാണ് ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. മിനായിൽ ഒരു ദിനം രാപ്പാർത്താണ് അതിൽ പങ്കെടുക്കാൻ അറഫയിലേക്ക് നീങ്ങുക. ഒരു പകൽ അറഫയിൽ കഴിച്ചുകൂട്ടി, മുസ്‌ദലിഫയിൽ അന്തിയുറങ്ങി ഞായറാഴ്ച മിനായിൽ തിരിച്ചെത്തും. അവിടെ മൂന്നു ദിനം രാപ്പാർത്താണ് കർമങ്ങൾ പൂർത്തിയാക്കുക.