ജീപ്പിടിച്ച് 4 പേർ മരിച്ച സംഭവം; പ്രതിക്ക് 10 വർഷം കഠിനതടവ്
നെയ്യാറ്റിൻകര: മദ്യലഹരിയിൽ ജീപ്പ് ഓടിച്ച് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു നാലു പേർ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി നേമം കെഎസ്ആർടിസി മെക്കാനിക് ജീവനക്കാരൻ കാരയ്ക്കാമണ്ഡപം കൃഷ്ണാലയത്തിൽ വിജയകുമാറിന് (56) 10 വർഷം കഠിന തടവ്. പ്രതിയിൽ നിന്ന് 1. 25 ലക്ഷം രൂപ പിഴ ഈടാക്കാനും നെയ്യാറ്റിൻകര അഡീഷനൽ ജില്ലാ ജഡ്ജി എ. എം. ബഷീർ വിധിച്ചു. കേസിലെ 2 മുതൽ 4 വരെയുള്ള പ്രതികളായ സുനിൽ കുമാർ, അജീന്ദ്രകുമാർ, സനൽകുമാർ എന്നിവർക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയെങ്കിലും കോടതി വിട്ടയച്ചു.
വിജയകുമാറിനെ (56) കഴിഞ്ഞ ദിവസം കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി ജാമ്യം റദ്ദാക്കി ജയിലിൽ അയച്ചു. 2016 ജൂൺ 8 ന് രാത്രി എട്ടരയോടെ ബാലരാമപുരം – കാഞ്ഞിരംകുളം റോഡിലെ അവണാകുഴിയിൽ നടന്ന അപകടത്തിൽ കണ്ണറവിള മണ്ണക്കല്ല് അലക്സ് ഭവനിൽ യോഹന്നാൻ (രാജേന്ദ്രൻ – 48), കോട്ടുകാൽ പൊറ്റവിള വീട്ടിൽ ജി. രാഘവന്റെ ഭാര്യ സരോജം (58), കണ്ണറവിള ഓണംകോട് ബിബു ഭവനിൽ ബനഡിക്ട്(സുധാകരൻ – 64), കരുംകുളം കാവിൻകട്ട് എസ്എസ് ഭവനിൽ ശശീന്ദ്രൻ (51) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ അതുവഴി നടന്നു പോയ യശോധയ്ക്കു (83) ഗുരുതര പരുക്കേൽക്കുകയും ചെയ്തു. അപകടത്തിൽ മരിച്ച സരോജത്തിന്റെ ഭർത്താവ് രാഘവൻ നാടാർ, മക്കളായ എസ്. രജിത, എസ്. രഞ്ജിനി എന്നിവർ കോടതിയിൽ വിധി കേൾക്കാൻ എത്തിയിരുന്നു. സഹപ്രവർത്തകന്റെ വിരമിക്കൽ പാർട്ടി കഴിഞ്ഞ് വിജയകുമാർ പൂവാറിൽ നിന്ന് ബാലരാമപുരത്തേക്കു പോകുന്നതിനിടെയാണ് അപകടം.
നിർത്തിയിട്ടിരുന്ന ഒരെണ്ണം ഉൾപ്പെടെ 2 ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് ഓട്ടോയിൽ ഇടിച്ചത്. അസുഖം ബാധിച്ച ബന്ധുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശിച്ച ശേഷം യോഹന്നാന്റെ ഓട്ടോറിക്ഷയിൽ മടങ്ങുകയായിരുന്നു ബനഡിക്ട് (സുധാകരൻ). ഇരുവരും തൽക്ഷണം മരിച്ചു. ബാലരാമപുരത്ത് ഒരു തുണിക്കടയിലെ ജീവനക്കാരിയായിരുന്നു സരോജം. ബസ് കാത്തു നിൽക്കുന്നതിനിടെ അതുവഴി ഓട്ടോയിൽ കടന്നു പോയ പരിചയക്കാർ ലിഫ്റ്റ് നൽകുകയായിരുന്നു. ബാലരാമപുരത്തു നിന്ന് കരുംകുളത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ശശീന്ദ്രന് ദുരന്തമുണ്ടായത്. നെയ്യാറ്റിൻകര സിഐ: ജി.സന്തോഷ് കുമാർ കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചു. കോടതിയിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ.അജികുമാർ ഹാജരായി.