നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയ സംഭവം; മൂന്നുപേർ അറസ്റ്റിൽ
ആലപ്പുഴ: ചേർത്തല പാണാവള്ളിയിലെ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കുഞ്ഞിനെ പ്രസവിച്ച പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡ് ആനമൂട്ടിൽച്ചിറ ഡോണാ ജോജി (22), കാമുകൻ തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്ത് തകഴി കുന്നുമ്മ ജോസഫ് ഭവനിൽ അശോക് ജോസഫ് (30) എന്നിവരുടെ അറസ്റ്റാണു രേഖപ്പെടുത്തിയത്. ഡോണയൊഴികെയുള്ളവർ പോലീസ് കസ്റ്റഡിയിലായിരുന്നു.
ഡോണ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മജിസ്ട്രേട്ട് ആശുപത്രിയിലെത്തിയാണ് ഇവരെ കൊട്ടാരക്കര ജയിലിലേക്കു റിമാൻഡു ചെയ്തത്. തത്കാലം ആശുപത്രിയിൽ തുടരും. തോമസ് ജോസഫിനെയും അശോക് ജോസഫിനെയും ആലപ്പുഴ സബ് ജയിലിലേക്കു മാറ്റി.
കഴിഞ്ഞ ഏഴിനു പുലർച്ചെ ഒന്നരയ്ക്ക് വീട്ടിൽവെച്ചാണ് ഡോണ പെൺകുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിന്റെ മൃതദേഹം തകഴി കുന്നുമ്മയിൽ പാടശേഖരത്തിന്റെ പുറംബണ്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം യുവതിയുടെ ബന്ധുക്കൾ തിങ്കളാഴ്ച മൃതദേഹം ഏറ്റുവാങ്ങി വലിയചുടുകാട് ശ്മശാനത്തിൽ സംസ്കരിച്ചു. കുഞ്ഞ് എങ്ങനെ മരിച്ചുവെന്നതിൽ ഇതുവരെ വ്യക്‌തമായിട്ടില്ല.
പ്രസവശേഷം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സതേടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞിനെ കാമുകൻ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ, അതു തെറ്റാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. അതോടെയാണ് കാമുകനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്.
കുഞ്ഞ് ആദ്യം കരഞ്ഞുവെന്നും പിന്നീട് അനക്കമില്ലാതായെന്നുമാണ് യുവതി പോലീസിനോടു പറഞ്ഞത്. കൊണ്ടുപോകുമ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നുവെന്നാണ് മറ്റു രണ്ടു പ്രതികളുടെയും മൊഴി. ഇക്കാര്യത്തിൽ വ്യക്തത വരുത്തും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്‌തമാക്കി.