കൊടകര കുഴപ്പണ കേസ് ചയക്കോപ്പയിലെ കൊടുങ്കാറ്റല്ല, ചാക്കിന്‍ കെട്ടിലെ കറന്‍സി; വി.ഡി സതീശൻ
പാലക്കാട്: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിയില്‍ കലാപം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേസില്‍ സര്‍ക്കാരും ഒത്തു കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 41 കോടി 40 ലക്ഷം രൂപ എവിടെ നിന്നാണ് വന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് സ്വീകരിച്ചതെന്നും മൊഴികളുണ്ട്. വിഷയത്തെ രാഷ്ട്രീയ പ്രചരണത്തിന് പോലും സി.പി.എമ്മും പിണറായി വിജയനും ഉപയോഗിക്കാത്തത് അദ്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രണ്ടു കൂട്ടരും ചേര്‍ന്ന് ഇത് മൂടിവച്ചു. അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളില്‍ സമ്മര്‍ദ്ദം ചെലുത്താതെ സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പുറം ചൊറിഞ്ഞുകൊടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ കത്ത് നല്‍കിയതല്ലാതെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എന്തു സമ്മര്‍ദ്ദമാണുണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനെങ്കിലും പൊലീസ് കേസെടുത്തോ. സ്വര്‍ണക്കള്ളക്കടത്ത് വന്നപ്പോള്‍ അയച്ചതു പോലൊരു കത്ത് അയയ്ക്കാനെങ്കിലും മുഖ്യമന്ത്രി തയാറായോയെന്നും സതീശൻ ചോദിച്ചു. കെ. സുരേന്ദ്രന് എതിരെ ആരോപണം ഉയര്‍ന്നിട്ടും സി.പി.എമ്മും മുഖ്യമന്ത്രിയും മിണ്ടാതിരുന്നു. കെ. സുരേന്ദ്രന് എതിരായ കുഴല്‍പ്പണ കേസും സി.പി.എം നേതാക്കള്‍ക്ക് എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും പരസ്പരം ഒത്തുതീര്‍പ്പാക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊടകര കുഴല്‍പ്പണ കേസില്‍ പ്രതിയാകേണ്ട കെ. സുരേന്ദ്രന്‍ പറഞ്ഞത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നാണ്. ഇത് ചയക്കോപ്പയിലെ കൊടുങ്കാറ്റല്ല, ചാക്കിന്‍ കെട്ടിലെ കറന്‍സിയാണെന്ന് വി.ഡി സതീശൻ പറഞ്ഞു ബി.ജെ.പി പ്രസിഡന്റ് നനഞ്ഞ് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് എതിരായ ആരോപണം സി.പി.എമ്മും കൈരളി ടി.വിയും പ്രചരിപ്പിക്കുന്നത്. അതിന് മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.