എൻജിനീയറിങ് കോളേജുകളിൽ എസ് എഫ് ഐ ക്ക് കനത്ത തിരിച്ചടി; കെ എസ് യു മുന്നണിക്ക് അട്ടിമറി നേട്ടം
കോഴിക്കോട്: കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ എസ് യു -എം എസ് എഫ് സഖ്യത്തിന് വൻ മുന്നേറ്റം. എസ് എഫ് ഐയെ തൂത്തെറിഞ്ഞ്
പരമ്പരാഗത ശക്തി കേന്ദ്രങ്ങളായ
എഞ്ചിനിയറിങ് കോളേജുകൾ കനത്ത തിരിച്ചടി നൽകി.
കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജ് അടക്കം
എസ് എഫ് ഐ കുത്തകയായി കൈവശം വെച്ചിരുന്ന കോളേജുകളിലെ പ്രധാന പോസ്റ്റുകൾ യുഡിഎസ്എഫ് മുന്നണി പിടിച്ചെടുത്തു.
പതിറ്റാണ്ടുകളുടെ കോട്ടയായ കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ എല്ലാ സീറ്റും കെ എസ് യു മുന്നണി പിടിച്ചെടുത്തു. പാലക്കാട് എൻഎസ്എസ് എഞ്ചിനീയറിങ് കോളേജിൽ 20 വർഷത്തെ ആധിപത്യത്തിന് അവസാനം കുറിച്ചു കൊണ്ട് 19 സീറ്റുകളിൽ കെ എസ് യു മുന്നണി വിജയിച്ചു. പാലക്കാട് ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ യുയുസി അടക്കം ആറ് സീറ്റുകൾ മുന്നണി നേടി. കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ് കോളേജ് യൂണിയൻ നിലനിർത്തി. എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ്, വടകര എഞ്ചിനീയറിങ് കോളേജ്, ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജ് തൃശൂർ, വയനാട് ഗവ: എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ മുന്നേറ്റം നടത്തി. എസ്എഫ്ഐയുടെ സിറ്റിങ് പോസ്റ്റുകളിൽ അടക്കം വലിയ വോട്ട് വ്യത്യാസത്തിൽ യുഡിഎസ്എഫ് മുന്നണിക്ക് വിജയിപ്പിക്കാൻ കഴിഞ്ഞു.