For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി' ഉടമകളെ ബന്ധപ്പെടാനാകുന്നില്ലെന്ന് അഭിഭാഷകന്‍

11:58 AM Feb 08, 2024 IST | Online Desk
 ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി  ഉടമകളെ ബന്ധപ്പെടാനാകുന്നില്ലെന്ന് അഭിഭാഷകന്‍
Advertisement

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍പോയ 'ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി' ഉടമകളെ ബന്ധപ്പെടാനാകുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍. കലൂരിലെ പ്രത്യേക പി.എം.എല്‍.എ കോടതിയില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം, കേസില്‍ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പി മാനേജിങ് ഡയറക്ടര്‍ വലിയാലുക്കല്‍ കോലാട്ട് കെ.ഡി. പ്രതാപന്‍, ഭാര്യയും സി.ഇ.ഒയുമായ കാട്ടൂക്കാരന്‍ ശ്രീന എന്നിവരാണ് കേസിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്നത്.

Advertisement

പ്രതികള്‍ ആദ്യം അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകുകയാണ് വേണ്ടതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി കഴിഞ്ഞ തവണ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ എന്ന് ഹാജരാകാന്‍ കഴിയുമെന്നും കോടതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് പ്രതികളെ ബന്ധപ്പെടാനാകുന്നില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചത്.

പ്രതികള്‍ കീഴടങ്ങിയാല്‍ അറസ്റ്റ് ചെയ്യില്ലെന്ന് ഇപ്പോള്‍ ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നാണ് ഇ.ഡി നേരത്തെ പറഞ്ഞത്. കേരളത്തിന് അകത്തും പുറത്തും വലിയ തോതില്‍ തട്ടിപ്പ് നടന്നതായും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.

എല്ലാ കാര്യങ്ങളും നിയമപരമായി തന്നെയാണ് ചെയ്തിട്ടുള്ളതെന്നും മുന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ രാഷ്ട്രീയപ്രേരിതമായ ആരോപണം നടത്തുകയാണെന്നുമാണ് പ്രതിഭാഗം ആരോപിക്കുന്നത്.

വന്‍ ലാഭം നേടാമെന്ന് വാഗ്ദാനം നല്‍കി പ്രതികള്‍ 1157 കോടിയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. 127 കോടിയുടെ നികുതി വെട്ടിച്ചതിന് ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗവും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ കണ്ടെത്തിയ 212 കോടിയുടെ സ്വത്ത് മാത്രമാണ് ഇ.ഡിക്ക് മരവിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

Author Image

Online Desk

View all posts

Advertisement

.