വാകേരിയില്‍ നരഭോജി കടുവയെ മൂന്നു ദിവസമായിട്ടും കണ്ടെത്താനായില്ല
വയനാട്: സുല്‍ത്താന്‍ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിനെ ഓര്‍ക്കുമ്പോള്‍ കണ്ണ് നിറയുകയാണ് പ്രദേശവാസികള്‍ക്ക്. നാട്ടിലെ ഏതൊരാള്‍ക്കും എന്ത് ആവശ്യത്തിനും സഹായവുമായി പ്രജീഷ് എത്തുമായിരുന്നു. മൂന്ന് ദിവസമായിട്ടും യുവാവിനെ കൊലപ്പെടുത്തിയ കടുവക്കായുളള തെരച്ചില്‍ തുടരുന്നതല്ലാതെ ഫലം ഉണ്ടായിട്ടില്ല.
പ്രദേശത്തെ കാപ്പിത്തോട്ടത്തില്‍ കൂടുവെച്ചിട്ടുണ്ട്. 22 ക്യാമറകള്‍ പലയിടത്തായി സ്ഥാപിച്ചിട്ടുമുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചുള്ള നീരീക്ഷണവും വനംവകുപ്പ് നടത്തും. വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള ആര്‍ആര്‍ടി തെരച്ചില്‍ ഇന്നും തുടരും. നോര്‍ത്തേണ്‍ സിസിഎഫ് നേരിട്ടെത്തിയാണ് ദൗത്യം ഏകോപിപ്പിക്കുന്നത്. സൗത്ത് വയനാട് ഡിഎഫ്ഒയും ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒയും വാകേരിയില്‍ ക്യാമ്പ് ചെയ്യുകയാണ്.
ഡിസംബര്‍ 9നാണ് വയനാട് സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പൂല്ല് വെട്ടാന്‍ പോയിതായിരുന്നു പ്രജീഷ്. പ്രജീഷിനെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.