മത്തിക്ക് തൊട്ടാൽ പൊള്ളുന്ന വില
കൊച്ചി: മത്തിക്ക് ഇപ്പോൾ പൊന്നും വില. നൂറു രൂപയുണ്ടായിരുന്ന മത്തിയുടെ വില 400 രൂപയായി.
ട്രോളിങ് നിരോധനവും കാലാവസ്ഥ വ്യതിയാനം കാരണം മത്സ്യലഭ്യത കുറഞ്ഞത് മത്സ്യത്തൊഴിലാഴികളെയും സാധാരണക്കാരെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. എറണാകുളത്തെ ഒരു ഇടത്തരം ഹോട്ടലിൽ 3 മത്തിക്ക് 60 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 2 ചെറിയ മത്തിക്ക് 70 രൂപ. അയലയ്ക്ക് 80 രൂപയും.
ട്രോളിങ് നിരോധന കാലം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വലിയ അളവിൽ മത്സ്യം ലഭിക്കുന്ന സമയമാണ്. എന്നാൽ ഇത്തവണ ആകെ അവതാളത്തിലായിരിക്കുകയാണ് മൽസ്യത്തൊഴിലാളികൾ. ഇതിന് പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനവും തീരക്കടൽ അമിതമായി ചൂടുപിടിച്ചതുമാണ്. മത്തി അഥവാ ചാള, നത്തോലി, അയല, നത്തോലി, വറ്റ ഇവ കേരള തീരത്തു നിന്ന് അപ്രത്യക്ഷമായെന്നാണ് മുനമ്പത്തെയും വൈപ്പിനിലേയും മത്സ്യത്തൊഴിലാളികൾ പറയുന്നത്. മത്തിക്ക് ജീവിക്കാൻ പറ്റുന്ന ചൂട് 26-27 ഡിഗ്രി സെൽഷ്യസാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ കേരളത്തിന്റെ തീരക്കടലിലെ ചൂട് പലപ്പോഴും 28-32 ഡിഗ്രി സെൽഷ്യസ് വരെയാകുന്നു. അതിനാൽ മത്തി ഇപ്പോൾ കിട്ടാക്കനിയാണ്.