ധാരാവിയില്‍ മസ്ജിദ് പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ധാരാവിയില്‍ മസ്ജിദിന്റെ അനധികൃത ഭാഗങ്ങള്‍ പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പള്ളിയുടെ ഭാഗങ്ങള്‍ പൊളിക്കുന്നതില്‍നിന്ന് അധികൃതര്‍ നേരത്തെ പിന്മാറിയിരുന്നു. നൂറുക്കണക്കിന് ആളുകളാണ് സെപ്റ്റബര്‍ 21ന് പൊളിക്കല്‍ നടപടിക്കെതിരെ ധാരാവിയില്‍ റോഡ് തടഞ്ഞ് പ്രതിഷേധിച്ചത്. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പള്ളിയുടെ ട്രസ്റ്റികളുമായി അധികൃതര്‍ ചര്‍ച്ച നടത്തി. ട്രസ്റ്റികളാണ് പൊളിക്കല്‍ നടപടി ആരംഭിച്ച വിവരം അറിയിച്ചത്
പള്ളിക്ക് ചുറ്റും ചേരികളാല്‍ ചുറ്റപ്പെട്ടതിനാല്‍ പൊളിക്കല്‍ പൂര്‍ത്തിയാക്കാന്‍ കുറച്ച് സമയമെടുത്തേക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊളിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സമര്‍പ്പിച്ചതാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. .
മുംബൈയിലെ പ്രധാനപ്പെട്ട ചേരികളില്‍ ഒന്നായ ധാരാവിയിലെ മെഹബൂബെ സുബ്ഹാനി മസ്ജിദിനെതിരെയാണ് നടപടി. പള്ളിയുടെ ഒരു ഭാഗം അനധികൃതമായി നിര്‍മിച്ചതാണെന്നാണ് ബൃഹാന്‍ മുംബൈ മുന്‍സിപ്പില്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥരുടെ വാദം. ധാരാവിയുടെ 90അടി റോഡിനോട് ചേര്‍ന്നാണ് പള്ളി സ്ഥിതി ചെയ്യുന്നത്.
പ്രതിഷേധത്തിനിടെ ചിലര്‍ ബി.എം.സിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് ഭാരതീയ ന്യായ സന്‍ഹിത, മഹാരാഷ്ട്ര പോലീസ് ആക്റ്റ്, പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമം എന്നിവ പ്രകാരം കേസ് എടുത്തിരുന്നു.