പ്രണയിനിയുടെ കാത്തിരിപ്പിന്റെ ഫലം; 50 മിനിറ്റുകളോളം ഹൃദയമിടിപ്പ് നിലച്ച ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി 31 കാരന്‍
അവശ്വസനീയം എന്ന് തോന്നിപ്പിക്കുന്ന അനേകം വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ സൗത്ത് യോര്‍ക്ക്‌ഷെയിലെ ബാര്‍ണ്‍സ്ലിയില്‍ നിന്ന് പുറത്തുവന്ന ഒരു വാര്‍ത്തയാണ് ഇന്ന് ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
ഹൃദയഘാതമുണ്ടായി ഹൃദയമിടിപ്പ് നിലച്ച് 50 മിനുട്ടുകളോളം നിർജീവമായി കിടന്ന ശേഷമാണ് ഇവിടെ ഒരു യുവാവ് ജീവിതത്തിലേക്ക് തിരിച്ചു വന്നത് . 31 കാരനായ ബെന്‍ വില്‍സണ്‍ എന്ന യുവാവാണ് അത്ഭുതകരമായ രക്ഷപ്പെടലിലൂടെ ലോകത്തെ മുഴുവൻ ഞെട്ടിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11 നാണ് ഇദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായത്. പിന്നീട് ദീര്‍ഘനാള്‍ കോമയിലേക്ക് പോയ ബെന്‍ ഇപ്പോള്‍ ജീവിതത്തിലേക്ക് പൂര്‍ണ്ണമായും തിരിച്ചെത്തിയിരിക്കുകയാണ്. ജീവിതം രണ്ടാമതൊരു അവസരം കൂടി തന്നു എന്നാണ് ഈ അത്ഭുതകരമായ അതിജീവനത്തെക്കുറിച്ച് ബെന്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം വീട്ടില്‍വച്ചാണ് ബെന്നിന് ഹൃദയാഘാതം ഉണ്ടാകുന്നത്. സംഭവസമയം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത് പ്രതിശ്രുതവധുവായ റെബേക്ക ഹോംസ് ആയിരുന്നു. ഉടന്‍ തന്നെ റെബേക്ക ആംബുലന്‍ വിളിക്കുകയും ആംബുലന്‍സ് എത്തുന്നവരെ സിപിആര്‍ നല്‍കുകയും ചെയ്തു. പക്ഷേ വിജയിച്ചില്ല. ആശുപത്രിയില്‍ എത്തിക്കുന്നതുവരെ 50 മിനിറ്റോളം സയമം ബെന്നിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചയുടന്‍ തന്നെ ഓപ്പറേഷന്‍ നടത്തി. അത് വിജയകരമായിരുന്നെങ്കിലും അദ്ദേഹം കോമ അവസ്ഥയിലേക്ക് മാറി. ബെന്നിന്റെ അനാരോഗ്യകരമായ ജീവിതശൈലി ആയിരുന്നു ഹൃദയസ്തംഭനത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കാത്തിരിപ്പ് തുടരുന്നതില്‍ അര്‍ത്ഥമില്ല എന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും റബേക്ക തന്റെ പ്രിയതമനരികിൽത്തന്നെയിരുന്നു . തന്റെ സ്‌നേഹം നിരന്തരം പ്രകടിപ്പിച്ചിരുന്നുകൊണ്ട് അവള്‍ ബെന്നിന്റെ അരികില്‍ തുടര്‍ന്നു. യഥാര്‍ത്ഥത്തില്‍ ബെന്നിന്റെ അതിജീവനത്തില്‍ നിര്‍ണായക പങ്കു വഹിച്ചത് റബേക്കയുടെ സ്‌നേഹവും ഇടപെടലുകളും തന്നെയായിരുന്നു .