ജനാധിപത്യത്തിന്റെ ഉദകക്രിയ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടം പൂര്‍ത്തിയായിട്ടില്ല, അതിന് മുന്‍പുതന്നെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച അതീവ ആശങ്കകളും ആപല്‍ സൂചനകളും ഭീതിജനകമായ തരത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കയാണ്. കഴിഞ്ഞ ദിവസം സൂറത്തില്‍ സംഭവിച്ചത് രാജ്യമെമ്പാടും വ്യാപിക്കുമെന്ന ഭയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പടര്‍ന്നിരിക്കയാണ്. നീതിപൂര്‍വവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സാധ്യമല്ല എന്നാണ് സൂറത്ത് വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെയും ഡമ്മിയുടെയും നാമനിര്‍ദ്ദേശ പത്രിക നിയമവിരുദ്ധമായി തള്ളിയ റിട്ടേണിങ് ഓഫീസര്‍കൂടിയായ ജില്ലാ കലക്ടര്‍ പിറ്റെദിവസം ശേഷിച്ച ഏഴ് സ്വതന്ത്രരുടെയും ബിഎസ്പി സ്ഥാനാര്‍ഥിയുടെയും നാമനിര്‍ദ്ദേശ പത്രിക നിര്‍ബന്ധപൂര്‍വം പിന്‍വലിപ്പിക്കുകയായിരുന്നു. അവസാനഘട്ടത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവാണ് അതിനീചമായ ജനാധിപത്യ ധ്വംസനത്തിന് ബിജെപിയെ പ്രേരിപ്പിക്കുന്നത്. വളരെ ആസൂത്രിതവും പഴുതില്ലാത്തതുമായ കുതന്ത്രങ്ങളാണ് പോളിങ് ഉദ്യോഗസ്ഥരുമായി യോജിച്ചുകൊണ്ട് ബിജെപി നടപ്പാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംഭാനിയുടെ പത്രികയിലെ നാമനിര്‍ദ്ദേശകനെയും പിന്താങ്ങുന്നയാളെയും ഭീഷണിപ്പെടുത്തി റിട്ടേണിങ് ഓഫീസറുടെ മുമ്പാകെ ഹാജരാക്കി പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് എഴുതി വാങ്ങുകയായിരുന്നു. സ്ഥാനാര്‍ഥികള്‍ ഇതിനെതിരെ നിയമപ്രശ്‌നം ഉന്നയിച്ചുവെങ്കിലും റിട്ടേണിങ് ഓഫീസര്‍ വഴങ്ങുകയുണ്ടായില്ല. വലിയൊരു സംഘം ബിജെപി ഗുണ്ടകള്‍ നിരവധി വാഹനങ്ങളിലായി ബിഎസ്പി, സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ വീട്ടിലെത്തി അവരെ ബലമായി പിടിച്ചുകൊണ്ടുപോയി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിപ്പിക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും പൊലീസില്‍ പരാതിപ്പെട്ടെങ്കിലും അവരില്‍ നിന്ന് യാതൊരു നടപടിയുമുണ്ടായില്ല. റിട്ടേണിങ് ഓഫീസറുടെ നിയമവിരുദ്ധ നടപടിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാതി നല്‍കുകയും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം അവരെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയിരിക്കയാണ്. എല്ലാവരും പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിങ് ഓഫീസര്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഒരു ഉറുമ്പിനെ കൊല്ലുന്ന ലാഘവത്തിലും വേഗതയിലുമാണ് ബിജെപി സൂറത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത്. അധികാരവും സമ്പത്തും രക്ഷാസേനയും അവരുടെ ഭാഗത്താകുമ്പോള്‍ സൂറത്തില്‍ മാത്രമല്ല, മറ്റ് 542 ലോക്‌സഭ മണ്ഡലങ്ങളിലും ഇത് ആവര്‍ത്തിക്കപ്പെട്ടേക്കാം. ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പിനേക്കാള്‍ അശ്ലീലമായിരുന്നു സൂറത്ത് സംഭവം.
കൈകാലുകള്‍ ബന്ധിക്കപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിസംഗരും നിഷ്‌ക്രിയരുമായി ജനാധിപത്യ കൊലപാതകത്തിന് കൂട്ടുനില്‍ക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സുതാര്യ ജനാധിപത്യ തെരഞ്ഞെടുപ്പെന്ന് അവകാശപ്പെട്ടിരുന്ന നാം ജനാധിപത്യത്തിന് ഉദകം ചെയ്യാന്‍ ദര്‍ഭയും വെള്ളവും പകരുകയാണ്. ചിതാഗ്നി പകര്‍ന്ന് തീനാളങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ വിഴുങ്ങുന്ന മുഹൂര്‍ത്തത്തിന് അധികകാലം കാത്തിരിക്കേണ്ടിവരില്ല.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന എല്ലാ ഫാസിസ്റ്റുകളും പിന്നീട് ജനാധിപത്യത്തെ വേരോടെ പിഴുതെറിഞ്ഞ് തെരഞ്ഞെടുപ്പുകള്‍പോലും ഇല്ലാതാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാമമാത്രമായി പ്രവര്‍ത്തിക്കുന്നു. പട്ടാളത്തെയും കോടതികളെയും തങ്ങളുടെ വരുതിയിലാക്കുന്നു. ഇതിനെയാണ് ലഘുവായ അര്‍ത്ഥത്തില്‍ ഫാസിസം എന്ന് പറയുന്നത്. പൗരസ്വാതന്ത്ര്യം പരിമിതപ്പെടുത്തിയ അടിയന്തരാവസ്ഥയില്‍പോലും ഇത്രയും ഹീനമായ ജനാധിപത്യ അട്ടിമറി നടന്നിട്ടില്ല. ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ആസന്ന മരണം കാത്ത് ശരശയ്യയില്‍ ഉത്തരായനം പ്രതീക്ഷിച്ച് കിടക്കുകയാണ്. ഇത് ഇന്ത്യയിലെ അവസാനത്തെ ബഹുകക്ഷി പാര്‍ലമെന്ററി തെരഞ്ഞെടുപ്പാണ്. ഏറെ താമസിയാതെ ഏകകക്ഷി മതാധിപത്യ തെരഞ്ഞെടുപ്പായിരിക്കും വരാനിരിക്കുന്നത്. ഭരണഘടനയ്ക്ക് പകരം ആര്‍എസ്എസ് നിയന്ത്രിക്കുന്ന നീതിന്യായാലയങ്ങളും പട്ടാളത്തിന് പകരം കാവിസൈന്യവും നിലവില്‍വരും. പതിനെട്ടാം ലോക്‌സഭയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പെ ഇന്ത്യ പൂര്‍ണ വളര്‍ച്ചയെത്തിയ ഫാസിസ്റ്റ് രാഷ്ട്രമായി തീരും, തീര്‍ച്ച.