അർജുനായി തിരച്ചിൽ ഊർജ്ജിതം; മഴ വെല്ലുവിളിയാകുന്നു
ബംഗളുരു: കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനായി തിരച്ചിൽ ഊർജ്ജിതം. ജിപിഎസ് സിഗ്നൽ കിട്ടിയ പ്രദേശത്തെ മണ്ണ് കുഴിച്ച് നടത്തുന്ന പരിശോധന പുരോഗമിച്ചുവരികയാണ്. തിരച്ചിലിനായി കനത്ത മഴ വെല്ലുവിളിയാകുന്ന സാഹചര്യവും നിലവിൽ ഉണ്ട്. അർജുനും ലോറിയും മണ്ണിനടിയിൽ ഉണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അർജുൻ്റെ രണ്ടാമത്തെ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ വീണ്ടും റിംഗ് ചെയ്തെന്ന് കുടുംബം രാവിലെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ദരാമയ്യ ഇടപെട്ടാണ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുന്നത്.
അതേസമയം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി കർണാടക മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്തു. അടിയന്തര ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി അദ്ദേഹം അറിയിച്ചു.മണ്ണിടിച്ചിലിൽ 15 പേരെയാണ് കാണാതായത്. ഇതിൽ 7 പേരുടെ മൃതദേഹം
കണ്ടെത്തിയിരുന്നു.
ജൂലൈ എട്ടിനാണ് കോഴിക്കോട് സ്വദേശിയായ അർജുൻ ലോറിയിൽ പോയത്. ചൊവ്വാഴ്‌ച പുലർച്ചെയാണ് അവസാനമായി അർജുൻ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി ചേവായൂർ പൊലീസിൽ പരാതി നൽകി. തുടർന്നാണ് മണ്ണിടിഞ്ഞതുൾപ്പെടെയുള്ള വിവരങ്ങൾ അറിഞ്ഞത്.