ആര്‍ത്തവ അവധിക്ക് നയം രൂപീകരിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ആര്‍ത്തവ അവധിക്ക് നയം രൂപീകരിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. നയം രൂപീകരിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. ഇത്തരം അവധികള്‍ തൊഴിലുടമക്ക് സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ താല്‍പര്യം ഇല്ലാതെയാക്കും. ഇത് വിപരീതഫലം ഉണ്ടാക്കും. നയപരമായ കാര്യത്തില്‍ ഇടപെടാനില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചന നടത്തി സര്‍ക്കാരിന് നയരൂപീകരണം നടത്താം. സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായവും ആരായണമെന്ന് കോടതി വ്യക്തമാക്കി
വിദ്യാര്‍ഥിനികള്‍ക്കും വനിതാ ജീവനക്കാര്‍ക്കും ആര്‍ത്തവ അവധി അനുവദിക്കുന്നതിന് ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഫെബ്രുവരിയില്‍ തള്ളിയിരുന്നു. സര്‍ക്കാര്‍ നയത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ നയത്തില്‍ കോടതിക്ക് നിര്‍ദേശം നല്‍കാനാവില്ല. ആര്‍ത്തവ അവധി ആവശ്യം ഉന്നയിച്ച് ഹര്‍ജിക്കാര്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനെ സമീപിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. നേരത്തെ ആര്‍ത്തവ അവധി സംബന്ധിച്ച് പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. കേരളത്തിലെ സര്‍വകലാശാലകളില്‍ ആര്‍ത്തവ അവധി അനുവദിച്ച പശ്ചാത്തലത്തില്‍ ആയിരുന്നു ചോദ്യം.