സ്വരാജിന് വീണ്ടും തിരിച്ചടി; കെ. ബാബുവിന്റെ വിജയം ശരിവച്ച ഹൈക്കോടതി വിധി മികച്ചതെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: തൃപ്പൂണിത്തുറയിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിലെത്തിയ സിപിഎം നേതാവ് എം സ്വരാജ് വീണ്ടും തിരിച്ചടി. തിരഞ്ഞെടുപ്പ് കേസില്‍ കെ. ബാബുവിന്റെ വിജയം ശരിവച്ച ഹൈക്കോടതി വിധി മികച്ചതെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. എന്നാല്‍ സുപ്രീംകോടതി നിരീക്ഷണം ശരിവെച്ച് എം. സ്വരാജിന്റെ അഭിഭാഷകൻ ഹൈക്കോടതി വിധി ഭാഗികമായി ശരിയാണെന്നും സുപ്രീം കോടതിയില്‍ അഭിപ്രായപ്പെട്ടു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയാൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് സ്വരാജ് നല്‍കിയ ഹർജി പരിഗണിച്ചത്. ഹൈക്കോടതി വിധി പൂർണ്ണമായും താൻ വായിച്ചുവെന്നും അതില്‍ എന്താണ് പിഴവെന്നും ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സൂര്യകാന്ത് ആരാഞ്ഞു. മികച്ച വിധിയാണ് ഹൈക്കോടതി പുറപ്പടുവിച്ചത്. വിധി എഴുതിയ ജഡ്ജിയെ അഭിനനന്ദിക്കുന്നു. വിധിയില്‍ തെറ്റായ ഒരു പാരഗ്രാഫ് എങ്കിലും കാണിച്ച് തരാൻ കഴിയുമോ എന്നും സുപ്രീം കോടതി ആരാഞ്ഞു.വിധി മികച്ചതാണെന്ന അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നുവെന്ന് സ്വരാജിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. ദിനേശ് പറഞ്ഞു. എന്നാല്‍ ആ യോജിപ്പ് ആദ്യ 50 പേജില്‍ ഒതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധിയില്‍ അംഗീകരിച്ച ഭാഗം പരിശോധിച്ചാല്‍ പോലും അവ ജനപ്രാതിനിധ്യ നിയമത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. സ്വരാജിനുവേണ്ടി അഭിഭാഷകൻ മുകുന്ദ് പി. ഉണ്ണിയും ഹാജരായി.