Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ടോസ്സ് വീഴുന്നതും കാത്ത് ഗവര്‍ണര്‍ പോലീസും പിണറായി പോലീസും

02:36 PM Feb 01, 2024 IST | Veekshanam
Advertisement

നിരീക്ഷകന്‍
ഗോപിനാഥ് മഠത്തില്‍

Advertisement

മക്കള്‍ വരുതിയിലല്ലാത്ത ചില പിതാക്കന്മാരുടെ ധര്‍മ്മസങ്കടങ്ങള്‍ ഗ്രാമത്തില്‍ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷെ മക്കളെ പരിധിക്കപ്പുറത്തേക്ക് തള്ളിവിട്ട്, പോയി ഗവര്‍ണറുടെ വഴിക്ക് മുമ്പിലേക്ക് ചാടി വീണ് എന്തെങ്കിലും തല്ലിപ്പൊളി കാട്ടാന്‍ പറഞ്ഞുവിടുകയും അതുകണ്ട് മനസ്സില്‍ ആനന്ദിക്കുകയും ചെയ്യുന്ന പിതാക്കന്മാരെ ആരെങ്കിലും കാണാന്‍ വഴിയില്ല. അത്തരമൊരു ഗൂഢാനന്ദത്തിലാണ് സിപിഎം നേതൃത്വം. പിള്ളാരെ നിയന്ത്രിക്കാന്‍ അച്ഛന്‍മാര്‍ക്ക് കഴിയാത്തതാണോ കാരണമെന്നറിയില്ല. അച്ഛന്മാരുടെ മൗനാനുവാദത്തോടെ മക്കള്‍ കാട്ടുന്ന തല്ലുകൊള്ളിത്തമാണോ ഇതെന്നും അറിയില്ല. ഏതായാലും സംഭവം രണ്ടാമത്തേതാകാനാണ് സാധ്യത. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവാദകാലത്തോളം പഴക്കമുണ്ട്.

മുഖ്യമന്ത്രിയുടെ താല്‍പ്പര്യപ്രകാരം യൂണിവേഴ്സിറ്റികളുടെ നിര്‍ണായകസ്ഥാനങ്ങളില്‍ സ്വന്തം പാര്‍ട്ടിക്കാരെയും അവരുടെ ഭാര്യമാരെയും തിരുകി കയറ്റാനുള്ള ഗൂഢനീക്കത്തിനെതിരെ ഗവര്‍ണര്‍ പ്രതികരിച്ചതില്‍ നിന്നാണ് ഇരുവരും തമ്മിലുള്ള അകല്‍ച്ചയ്ക്ക് തുടക്കം. അതിപ്പോള്‍ കൂടുതല്‍ രൂക്ഷമായിരിക്കുന്നു. സിപിഎം നേതൃത്വത്തിന്‍റെ ഒത്താശയോടെ അവരുടെ കുട്ടിസഖാക്കന്മാര്‍ കരിങ്കൊടി കാട്ടി ആക്രോശിച്ചുകൊണ്ട് ഗവര്‍ണറുടെ കാറിനുനേരെ പാഞ്ഞടുക്കുന്നു, അദ്ദേഹം കാര്‍ നിര്‍ത്തി പ്രതിഷേധത്തിന്‍റെ ഭാഗമായി പുറത്തിറങ്ങുന്നു. കേരളചരിത്രത്തില്‍ ഒരു ഗവര്‍ണര്‍ പോലും ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവന്നിട്ടില്ല. അതിനുപിന്നാലെ ചില ദിവസങ്ങള്‍ക്കുശേഷമാണ് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്താന്‍ ഗവര്‍ണര്‍ എത്തുന്നത്. ഗവര്‍ണറെ സ്പീക്കര്‍ എ.എന്‍. ഷംസീറും മുഖ്യമന്ത്രിയും പാര്‍ലമെന്‍ററികാര്യമന്ത്രി കെ.രാധാകൃഷ്ണനും ചേര്‍ന്നാണ് സഭാ കവാടത്തില്‍ വരവേറ്റത്. പൂച്ചെണ്ടു നല്‍കി സ്വീകരിച്ച മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കാനോ മുഖം കൊടുക്കാനോ ഗവര്‍ണര്‍ തയ്യറായില്ല. പതിവുശൈലിയില്‍, ഒരുപക്ഷെ യാന്ത്രികമായി കൈകൂപ്പി കടന്നുപോകുക മാത്രമാണ് ചെയ്തത്. എന്നാല്‍ അപ്പോഴൊക്കെ ഉള്ളില്‍ ഇരമ്പുന്ന ക്ഷോഭത്തിന്‍റെ കടല്‍മുഖത്ത് വ്യക്തമായിരുന്നു. ആ വെറുപ്പ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ കാട്ടുകയും ചെയ്തു. 63 പേജുള്ള പ്രസംഗം അദ്ദേഹം വായിച്ചത് ഏകദേശം ഒന്നര മിനിറ്റു കൊണ്ടാണ്. 136 ഖണ്ഡികകളുള്ള ഉള്ളടക്കത്തില്‍ ആദ്യത്തെയും അവസാനത്തെയും ഭാഗം മാത്രം വായിച്ച് ഗവര്‍ണര്‍ ചടങ്ങ് തീര്‍ത്തു. ഗവര്‍ണറുടെ സഭാപ്രവേശവും, മടക്കവുമടക്കം നയപ്രഖ്യാപന ചടങ്ങ് അഞ്ചുമിനിറ്റില്‍ അവസാനിച്ചു. കേരള നിയമസഭയില്‍ ആദ്യമായി ഒന്നരമിനിറ്റില്‍ നയപ്രഖ്യാപനം നടത്തി ചരിത്രമെഴുതിയ ആദ്യത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനാണ്.
ഇത് നയം കൊണ്ട് മാനം രക്ഷിച്ചെടുക്കാമെന്നു കരുതിയ ഇടതുപക്ഷ സര്‍ക്കാരിന് വലിയ തിരിച്ചടിയായി. അവര്‍ എഴുതിക്കൂട്ടിയ നയങ്ങളിലൂടെയൊന്നും ഗവര്‍ണര്‍ കടന്നുപോകുന്നില്ലെന്നുമാത്രമല്ല, പ്രസംഗത്തിനിടെ കടന്നുവന്ന 'എന്‍റെ സര്‍ക്കാര്‍' എന്ന പദം മനഃപൂര്‍വം ഒഴിവാക്കുകയും ചെയ്തു. ഇതില്‍പ്പരം ഒരുമാനക്കേട് സര്‍ക്കാരിന് നേരിടാനില്ല. ഇതിന് രണ്ടുദിവസം കഴിഞ്ഞാണ് കൊട്ടാരക്കരയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണറെ നിലമേല്‍ വച്ച് കുട്ടിസഖാക്കന്മാര്‍ പഴയതിനെക്കാള്‍ വര്‍ദ്ധിതവീര്യത്തോടെ കരിങ്കൊടിയുമായി കാറിനുനേരെ ആക്രോശിച്ചടുത്തതും ഗവര്‍ണര്‍ കാറില്‍ നിന്നിറക്കി വഴിയരികിലെ കടയ്ക്കുമുന്നില്‍ ഇരിപ്പ് ഉറപ്പിച്ച് ഒന്നരമണിക്കൂര്‍ രാജ്ഭവനാക്കി മാറ്റിയത്. അത്തരമൊരു ഗവര്‍ണറും ചരിത്രത്തില്‍ ആദ്യമായിരിക്കാനാണ് സാധ്യത. ഇതേപ്പറ്റി മുഖ്യമന്ത്രിയോട് വിവരം അന്വേഷിച്ചപ്പോള്‍ പറഞ്ഞത്, അദ്ദേഹത്തിന്‍റെ ആരോഗ്യനില പരിശോധിക്കണമെന്നാണ്. നയപ്രഖ്യാപനപ്രസംഗം വായിക്കാന്‍ സമയമില്ല. ഒന്നരമണിക്കൂര്‍ റോഡില്‍ കുത്തിയിരിക്കാന്‍ സമയമുണ്ട് എന്ന് പരിഹസിക്കുകയും ചെയ്തു.
ഇതിനെ സംബന്ധിച്ച് ജനങ്ങള്‍ ആകെ കണ്‍ഫ്യൂഷനിലാണ്.

കുട്ടികളെക്കൊണ്ട് ചുടുചോറുവാരിക്കുന്ന മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനുമാണോ, മഹനീയ പദവിയെ തെരുവുസംഘര്‍ഷത്തിലൂടെ മാന്യതകെടുത്തുന്ന ഗവര്‍ണര്‍ക്കാണോ ആരോഗ്യപ്രശ്നം. കാണികളായ സാധാരണ ജനങ്ങള്‍ പറയുന്നത് ഇരുകൂട്ടര്‍ക്കും കാര്യമായ ആരോഗ്യപ്രശ്നം ഉണ്ടെന്നാണ്. രണ്ടുപേരും ഒരുപരിധിവരെ അടങ്ങിയില്ലെങ്കില്‍ ജനാധിപത്യഭരണസമ്പ്രദായത്തിനും അത് വിലകല്‍പ്പിക്കുന്ന നിയമത്തിനും നോക്കുകുത്തിയായിരിക്കാനും തന്നിഷ്ടങ്ങള്‍ മാത്രം വിജയിച്ച് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനും മാത്രമേ ഈ ദുര്‍വാശികൊണ്ടു കഴിയൂ. ഗവര്‍ണര്‍ക്ക് പിണറായി സര്‍ക്കാര്‍ നിയന്ത്രിക്കുന്ന കേരളാപോലീസില്‍ അത്ര വിശ്വാസമില്ല. കേരളത്തിലെ പോലീസ് മികച്ചതാണെങ്കിലും അവരെ സത്യസന്ധമായി ജോലി ചെയ്യാന്‍ ഭരണാധികാരികള്‍ അനുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ പരാതി. അതിന് തെളിവാണ്എസ്.എഫ്.ഐക്കാര്‍ തന്‍റെ വാഹനത്തില്‍ ഇടിച്ചതെന്നും അവരെ അറസ്റ്റു ചെയ്യണമെന്നും, എഫ്.ഐ.ആര്‍ കണ്ടശേഷമേ യാത്ര തുടരൂ എന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. ഗവര്‍ണറെ തടയുന്ന ഇവര്‍ക്കെല്ലാം പോലീസിന്‍റെ പരോക്ഷ സഹായം ഉണ്ടെന്നും അദ്ദേഹം കരുതുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഡല്‍ഹിക്ക് വിളിച്ച് തന്‍റെ സുരക്ഷാവീഴ്ചക്കുറവ് ബോധ്യപ്പെടുത്തിയതും സിആര്‍പിഎഫിന്‍റെ മേല്‍നോട്ടത്തിലുള്ള ഇസെഡ് പ്ലസ് സുരക്ഷ കരസ്ഥമാക്കിയതും. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലാണ് ഗവര്‍ണര്‍ക്ക് ലഭിച്ച ഇസെഡ് പ്ലസ് സുരക്ഷ. കേരളാപോലീസിന്‍റെ നിഷ്ക്രിയത്വം ബോധ്യപ്പെടുത്തിയപ്പോള്‍ കൊല്ലത്തുനിന്നു കിട്ടിയതാണ് ഇസെഡ് പ്ലസ്. ഇനിയാണ് കാണാന്‍ പോകുന്ന പൂരം. മുഖ്യമന്ത്രിയുടെ കേരളാപോലീസാണോ കേമന്‍, ഗവര്‍ണറുടെ കേന്ദ്രപോലീസാണോ? ഏതായാലും കുട്ടിസഖാക്കന്മാരോട് ഒന്നുപറയാം, മുഖ്യമന്ത്രി പറയുന്നത് കേട്ട് എടുത്തുചാടരുത്, കേന്ദ്രപോലീസാണ് ഇനി നിങ്ങളെ അടിക്കാന്‍ പോകുന്നത്. മലയാളത്തില്‍ നിലവിളിച്ചാല്‍ അവരില്‍ ചിലര്‍ക്ക് ഹിന്ദിമാത്രമേ അറിയൂ എന്നോര്‍ക്കണം. നിങ്ങളെ കേന്ദ്രപോലീസ് അടിക്കുന്നെന്ന് കേരളാപോലീസിനോട് പരാതിപ്പെടാന്‍ വകുപ്പുണ്ടോ എന്നറിയില്ല.

എന്തായാലും കേന്ദ്രപോലീസുംകേരളാപോലീസും ഒരു ജഗപൊക സൃഷ്ടിക്കുമെന്നു തോന്നുന്നു.
വാല്‍ക്കഷ്ണം
കാര്യം ഇതൊക്കെ പറഞ്ഞാലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആള് ചില്ലറക്കാരനല്ല, നോട്ടുകാരന്‍ തന്നെയാണ്. പിണറായി എസ്.എഫ്.ഐക്കാരെ വിട്ടു നടത്തുന്ന ശൈലിയുടെ മറ്റൊരു പകര്‍പ്പാണ് കേന്ദ്രം ഗവര്‍ണ്ണറെക്കൊണ്ട് നടത്തിക്കുന്നത്. തനിക്കാക്കാന്‍ വേണ്ടി വെടക്കാക്കുന്ന രീതി. എങ്ങനെയെങ്കിലും അലമ്പു സൃഷ്ടിച്ച് ബി.ജെ.പിക്ക് അനുകൂലമായി മണ്ണൊരുക്കാന്‍ ഗവര്‍ണര്‍ അണ്ണാറക്കണ്ണനു തന്നാലാവതു ചെയ്യുന്നു. പക്ഷേ കേരളത്തിന്‍റെ വിധി ജനങ്ങള്‍ നേരത്തെ മനസ്സില്‍ നിര്‍ണ്ണയിച്ചുകഴിഞ്ഞതാണ്. അത് ഇടതുപക്ഷത്തിന്‍റെയും ബി.ജെ.പിയുടേയും ദൂഷിത ഭരണത്തില്‍നിന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യമൂല്യത്തിലേയ്ക്കുമുള്ള ആശ്വാസകരമായ മാറ്റമാണ്. അത് നല്‍കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന മുന്നണികള്‍ക്കേ കഴിയു. അതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൂടെ കൈവന്ന അബദ്ധങ്ങള്‍ തിരുത്തപ്പെടും.


Advertisement
Next Article