ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത് അനിവാര്യമാണെന്ന് വനിത കമീഷന്‍
തിരുവനന്തപുരം: സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത് അനിവാര്യമാണെന്നും വനിത കമീഷന്‍. വനിത കമീഷന്റെ നിലപാട് കൂടി പരിഗണിച്ചാണ് നിലവിലെ കോടതി വിധിയെന്നും വനിത കമീഷന്‍ അധ്യക്ഷ പി. സതീദേവി പ്രതികരിച്ചു. സിനിമ മേഖലയില്‍ സ്ത്രീകള്‍ വിവേചനം നേരിട്ടിരുന്നു എന്നത് വസ്തുതയാണ്. പരാതി പരിഹാര സംവിധാനങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. വനിത കമീഷന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വിഷയത്തില്‍ ഇടപെട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് മാന്യമായി തൊഴില്‍ എടുക്കാന്‍ കഴിയണമെന്നത് സമൂഹത്തിന്റെ ആവശ്യമാണ്. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ സമൂഹത്തെ അറിയിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പ്രശ്‌ന പരിഹാരങ്ങളും പരസ്യപ്പെടുത്തണമെന്നും സതീദേവി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്ന് വനിത കമീഷന്‍ ഹൈകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാമെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വിടാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടിക്കൊണ്ടാണ് ഉത്തരവ്.