തൃശൂരിലെ സിപിഎം കോട്ടകളില്‍ വ്യാപകമായ വോട്ടുചോര്‍ച്ചയുണ്ടായി; വിഡി സതീശൻ
തിരുവനന്തപുരം: ജനവിരുദ്ധ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് യുഡിഎഫിന് അനുകൂലമായ ജനവിധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫ് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രംഗത്ത് എത്തിയത്.
സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടെന്നും കോണ്‍ഗ്രസ്മുക്ത ഭരതത്തിന് ശ്രമിച്ച ബിജെപിക്കൊപ്പം കോണ്‍ഗ്രസ്മുക്ത കേരളത്തിന് ശ്രമിച്ച മുഖ്യമന്ത്രിയുടെ ദുഷ്പ്രചരണത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണിതെന്നും സതീശൻ ആഞ്ഞടിച്ചു. തൃശൂരിലെ സിപിഎം കോട്ടകളില്‍ വ്യാപകമായ വോട്ടുചോര്‍ച്ചയുണ്ടായി. രഹസ്യധാരണയ്ക്കപ്പുറം പരസ്യമായ സിപിഎം- ബിജെപി ഡീല്‍ ആണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ മരവിപ്പിക്കുന്നതിന് തൃശൂര്‍ സീറ്റ് ബിജെപിക്ക് നല്‍കിയതിന്റെ സൂത്രധാരനും മുഖ്യമന്ത്രി പിണറായി വിജയനാണ്. തൃശൂരില്‍ ബിജെപിയുടെ വിജയം ഗൗരവമായി കാണണമെന്ന് ഇപ്പോള്‍ പറയുന്ന മുഖ്യമന്ത്രി ആദ്യം ആത്മപരിശോധന നടത്തുകയാണ് വേണ്ടതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.