100 കോടി കോഴ ആരോപണത്തിന് പിന്നില്‍ ആന്റണി രാജുവെന്ന് തോമസ് കെ തോമസ് എംഎല്‍എ
ആലപ്പുഴ: ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് കൂറുമാറ്റാന്‍ രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് താന്‍ 100 കോടി വാഗ്ദാനം നല്‍കിയെന്ന ആരോപണം കള്ളമെന്ന് എന്‍.സി.പി (ശരദ് പവാര്‍) എം.എല്‍.എ തോമസ് കെ. തോമസ്. കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്റണി രാജുവിന്റെ ശ്രമമാണ് ആരോപണത്തിന് പിന്നിലെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
'100 കോടി രൂപ വാങ്ങി എം.എല്‍.എമാരെ വാങ്ങിയിട്ട് എന്തുചെയ്യാനാണ്. ഞാന്‍ മന്ത്രിയാകുമെന്ന ഘട്ടത്തിലാണ് ആരോപണം വന്നത്. മുഖ്യമന്ത്രി എന്നെ അവിശ്വസിക്കുമെന്ന് തോന്നുന്നില്ല. മന്ത്രിസ്ഥാനം നിഷേധിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പ് കാരണമാണ് വൈകുന്നത്. ഈ ആരോപണത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. ആന്റണി രാജു പറഞ്ഞത് നിയമസഭ ലോബിയില്‍ വെച്ച് സംസാരിച്ചെന്നാണ്. നിയമസഭ ലോബിയാണോ 100 കോടിയുടെ വാഗ്ദാനം നല്‍കാനുള്ള സ്ഥലം ആരോപണങ്ങള്‍ക്ക് പിന്നില്‍ ആന്റണി രാജുവാണ്. അദ്ദേഹത്തിന് വൈരാഗ്യം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കോഴ ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണം' -തോമസ് കെ. തോമസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
എല്‍.ഡി.എഫിലെ ഏകാംഗ കക്ഷി എം.എല്‍.എമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍എസ്പി-ലെനിനിസ്റ്റ്) എന്നിവര്‍ക്ക് ഏഴുമാസം മുമ്പ് 50 കോടി വീതം തോമസ് കെ. തോമസ് വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇക്കാര്യം ആന്റണി രാജു സ്ഥിരീകരിച്ചുവെങ്കിലും കോവൂര്‍ കുഞ്ഞുമോന്‍ നിഷേധിച്ചിട്ടുണ്ട്