തോപ്പിൽ രവി യുഗപ്രഭാവൻ: ചാണ്ടി ഉമ്മൻ
കൊല്ലം: കോൺഗ്രസ് പ്രസ്ഥാനത്തെ കാലാതീതമായി നയിച്ച യുഗപ്രഭാവനായിരുന്നു തോപ്പിൽ രവിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഒരുകാലത്തെ വിദ്യാർഥി- യുവജന പ്രസ്ഥാനങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവും ശക്തനായ നേതാവുമായിരുന്നു അദ്ദേഹം. പ്രസംഗത്തിലും പ്രഭാഷണത്തിലും സംഘാടന മികവിലും അദ്ദേഹം എല്ലാവർക്കും മാതൃകയായിരുന്നു. രാഷ്‌ട്രീയ കേരളം മറക്കാത്ത നിരവധി മുദ്രാവാക്യങ്ങൾ എഴുതി കേരളത്തെ കോൾമയിർ കൊള്ളിച്ച നേതാവായിരുന്നു തോപ്പിൽ രവിയെന്നും ചാണ്ടി ഉമ്മൻ അനുസ്മരിച്ചു.
തോപ്പിൽ രവിയുടെ 35ാമതു ചരമ വാർഷികം ഉദ്ഘാടനം ചെയ്തും അദ്ദേഹത്തിന്റെ പേരിലുള്ള സാഹിത്യ പുരസ്കാരവും വിതരണം ചെയ്തും പബ്ലിക് ലൈബ്രറി ഹാളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തോപ്പിൽ രവി ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. എ. ഷാനവാസ്ഖാൻ അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ സുധാ മേനോൻ അവാർഡ് ഏറ്റുവാങ്ങി. ഡോ. മുഞ്ഞിനാട് പത്മകുമാർ എഴുത്തുകരിയെ പരിചയപ്പെടുത്തി. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ്. സുധീശൻ പ്രശസ്തിപത്രം വായിച്ചു. ഡോ. എം.ആർ. തമ്പാൻ, സൂരജ് രവി തുടങ്ങിയവർ പ്രസംഗിച്ചു.