അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണ്; എംടിക്ക് പിന്നാലെ വിമർശനവുമായി എം മുകുന്ദനും
കോഴിക്കോട്: എം.ടി. വാസുദേവൻ നായർക്ക് പിന്നാലെ സാഹിത്യോത്സവ വേദിയിൽ രാഷ്ട്രീയ വിമർശനവുമായി എഴുത്തുകാരൻ എം. മുകുന്ദനും. ഇപ്പോൾ നാമുള്ളത് കിരീടങ്ങൾ വാഴുന്ന കാലത്താണെന്ന് എം. മുകുന്ദൻ പറഞ്ഞു. അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണ്. അവരോട് പറയാനുള്ളത് ജനങ്ങൾ പിന്നാലെയുണ്ട്, സിംഹാസനം ഒഴിയൂ എന്നാണെന്നും അദ്ദേഹം പറഞ്ഞു. എംടി ഇതേ വേദിയിൽ ഉയർത്തിയ രാഷ്ട്രീയ ആരോപണത്തിൻ്റെ അലയൊലികൾ സജീവമായിരിക്കെയാണ് എം. മുകുന്ദനും വിമർശനവുമായി രംഗത്തെത്തിയത്.
ഇപ്പോൾ നാം ഉള്ളത് കിരീടങ്ങൾ വാഴുന്ന കാലത്താണ്. ചോരയുടെ പ്രാധാന്യം കുറഞ്ഞുവരുന്നു. അതോടൊപ്പം കിരീടത്തിന്റെ പ്രാധാന്യം കൂടിവരുന്നു. കിരീടത്തേക്കാൾ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുക. അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണ്. അവർ അവിടെ നിന്നും എഴുന്നേൽക്കില്ല. സിംഹാസനത്തിൽ ഇരിക്കുന്നവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂവെന്നാണ്. ജനങ്ങൾ വരുന്നുണ്ട്, മുകുന്ദൻ പറഞ്ഞു.