ആയിരങ്ങള്‍ ഒഴുകിയെത്തുന്നു: മുല്ലയ്ക്കല്‍ ചിറപ്പ് മഹോത്സവത്തിലലിഞ്ഞ് ആലപ്പുഴ
ആലപ്പുഴ: മുല്ലയ്ക്കല്‍ ചിറപ്പിനും കിടങ്ങാം പറമ്പ് ഉത്സവത്തിനുമൊപ്പം ക്രിസ്തുമസ് തിരക്ക് കൂടിയായപ്പോള്‍ നഗരം തിരക്കിലമര്‍ന്നു. ക്രിസ്തുമസ് അവധിക്കായി സ്‌കൂളുകളും കോളജുകളും അടച്ചതോടെ വന്‍ ജനാവലിയാണ് നഗരത്തിലേയ്‌ക്കെത്തുന്നത്. വൈകുന്നേരമാകുമ്പോള്‍ അളുകളുടെ കുത്തൊഴുക്കാണ്. സാധനങ്ങള്‍ മേടിച്ചു കൂട്ടാനെത്തുന്നവരുടെ എണ്ണവും കുറവല്ല. കുടുംബ സമേതമാണ് ആളുകള്‍ ചിറപ്പിനെത്തുന്നത്. ചെറുകിട കച്ചവടക്കാര്‍ക്ക് പുറമേ വമ്പന്‍ മേളകളും ചിറപ്പിന്റെ ഭാഗമായി ഒരുങ്ങിയിട്ടുണ്ട്. മുല്ലയ്ക്കല്‍ ചിറപ്പിന്റെ പ്രധാന ആകര്‍ഷണം കൂറ്റന്‍ ഗോപുരങ്ങളും അവയുടെ വൈദ്യുതി ദീപാലങ്കാരങ്ങളുമാണ്. ഇതിനൊപ്പം വഴിയോരങ്ങളിലെ തോരണങ്ങള്‍ അടക്കം മറ്റ് അലങ്കാരങ്ങള്‍ നയന മനോഹരകാഴ്ചയാണ് സമ്മാനിക്കുന്നത്. എ.വി.ജെ. ജംഗ്ഷനിലും കിടങ്ങാംപറമ്പ് സ്റ്റാച്യൂ ജംഗ്ഷനിലുമാണ് അലങ്കാര ഗോപുരമുള്ളത്. സീറോ ജങ്ഷന്‍ മുതല്‍ കിടങ്ങാംപറമ്പ് വരെ വഴിയോരക്കച്ചവടങ്ങളും നിറഞ്ഞിട്ടുണ്ട്.രാത്രികാലത്ത് തെരുവിലൂടെ നടന്ന് ചിറപ്പ് ആസ്വദിക്കാനാണ് മുല്ലയ്ക്കലിലേക്ക് ആളുകള്‍ എത്തുന്നത്. തിരക്ക് നിയന്ത്രിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വിവിധയിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എങ്കിലും ഫലത്തിലാകുന്നില്ല. ചിറപ്പിന്റെ മാറ്റ് കൂട്ടാന്‍ പോപ്പി ഗ്രൗണ്ടിലെ കാര്‍ണിവലില്‍ ആഘോഷത്തിന് വര്‍ണമേകാന്‍ വിവിധ റൈഡുകളുണ്ട്. കുട്ടികളുടെ വിവിധങ്ങളായ റൈഡുകളാണ് ഏറെയും. ഇതിനൊപ്പം വിനോദത്തിനായി ആകാശക്കപ്പലും പെറ്റ്‌ഷോയുമുണ്ട്. വിവിധയിനം പ്രാവുകള്‍, ചൈനീസ് പേര്‍ഷ്യന്‍ പൂച്ചകള്‍, കുതിര, അപൂര്‍വയിനം തത്തകള്‍ എന്നിവയുമുണ്ട്.അവധി ദിവസങ്ങളിലേക്ക് വഴിമാറുന്നതോടെ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. നഗരസഭയുടെ ലേലത്തില്‍ പിടിച്ചെടുത്ത കടകള്‍ ഇടനിലക്കാര്‍ വഴി വന്‍തുകക്ക് കൈമാറുന്നതായും പരാതിയുണ്ട്. പലതരം പലഹാരങ്ങള്‍, വര്‍ണബലൂണുകള്‍, ഫാന്‍സി സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുടെ വില്‍പനയും സജീവം. കരിമ്പിനും കരിമ്പ് ജ്യുസിനും ആവശ്യക്കാര്‍ ഏറെയാണ്. മുന്‍വര്‍ഷങ്ങളില്‍ 50 രൂപക്ക് കിട്ടിയിരുന്ന കരിമ്പിന് ഇക്കുറി 80-100 രൂപയാണ് വില.കോവിഡിന് മുമ്പുള്ള ഏതാനും വര്‍ഷങ്ങളില്‍ ചിറപ്പിന്റെ പ്രധാന ഇനമായ കാര്‍ണിവല്‍ നടന്നിരുന്നില്ല. എന്നാല്‍ ഇത്തവണ മരണക്കിണര്‍ ഉള്‍പ്പടെയാണ് മുല്ലയ്ക്കല്‍ പോപ്പി ഗ്രൗണ്ടില്‍ കാര്‍ണിവല്‍ പുനരാരംഭിച്ചത്. 70 രൂപയാണ് റൈഡുകള്‍ക്ക് ഈടാക്കുന്നത്. കൂടാതെ ജയന്റ് വീല്‍, ട്രെയിന്‍, കപ്പലാട്ടം, കുട്ടികളുടെ വിവിധ റൈഡുകള്‍ എന്നിവയുമുണ്ട്. ഇഗ്വാന മുതല്‍ വിചിത്രയിനം പക്ഷി മൃഗാദികളുടെ പ്രദര്‍ശനം കാണാനും ധാരാളം പേര്‍ എത്തുന്നുണ്ട്.