മണ്ണാറശ്ശാലയില്‍ ദര്‍ശന പുണ്യം തേടി ആയിരങ്ങള്‍
ഹരിപ്പാട്: ചരിത്ര പ്രസിദ്ധമായ മണ്ണാറശാലയില്‍ ആയില്യം തൊഴുത് ആയിരങ്ങള്‍. കാറ്റിനു പോലും മഞ്ഞള്‍ മണം വാരി വിതറി ഭക്തജനങ്ങള്‍ ക്ഷേത്ര കാവിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ കണ്ണിനും മനസ്സിനും ശാന്തിയുടെ കുളിര്‍മ്മ. പുണര്‍തം നാളില്‍ ആരംഭിച്ച മഹോത്സവത്തിന് ഇന്നു പുലര്‍ച്ചെയാണ് നാന്ദി കുറിച്ചത്. മകം നാളില്‍ ആകാശ സര്‍പ്പങ്ങളെ സങ്കല്‍പ്പിച്ച് കാരണവര്‍ എം കെ പരമേശ്വരന്‍ നമ്പൂതിരി തട്ടിന്മേല്‍ നൂറും പാലും നടത്തിയതോടെ ഈ വര്‍ഷത്തെ ആയില്യ മഹോത്സവം സമാപിച്ചു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ തുലാമാസത്തിലെ ആയില്യം എഴുന്നള്ളത്ത് നടന്നത്. അതു കൊണ്ട് തന്നെ ഭക്തജന ബാഹുല്യമായിരുന്നു ക്ഷേത്രത്തില്‍.
ഇന്നലെ പുലര്‍ച്ചെ നാല് മണിക്ക് ക്ഷേത്രനട തുറന്ന് അഭിഷേകങ്ങള്‍ പൂര്‍ത്തിയാക്കി ഇളയ കാര്‍ണവര്‍ എം.കെ കേശവന്‍ നമ്പൂതിരി ആയില്യം നാളിലെ പൂജകള്‍ ആരംഭിച്ചു. ആറ് മണിയോടെ ആയില്യ പൂജകള്‍ക്ക് തുടക്കമായി. വലിയമ്മ സാവിത്രി അന്തര്‍ജനം മണ്ണാറശാല അമ്മയായി അവരോധിക്കപ്പെട്ട ശേഷമുള്ള ആദ്യ ആയില്യം ഉത്സവം കൂടിയായിരുന്നു. നാഗരാജാവിന്റെ അനുഗ്രഹം തേടി ആയിരക്കണക്കിന് ഭക്തരാണ് മണ്ണാറശാലയിലേക്ക് ഒഴുകിയെത്തിയത്. രാവിലെ എട്ട് മണിയ്ക്ക് അമ്മ സാവിത്രി അന്തര്‍ജനം മണ്ണാറശാല ഇല്ലത്തെ പുരാതന നിലവറയുടെ തെക്കേത്തളത്തില്‍ ഇരുന്ന് ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. അമ്മയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ആയില്യം എഴുന്നള്ളത്ത് നടന്നത്. ഉച്ചപൂജയ്ക്ക് ശേഷം ഇളയകാര്‍ണവരുടെ നേതൃത്വത്തില്‍ നിലവറയോട് ചേര്‍ന്നുളള തളത്തില്‍ ആയില്യം പൂജയ്ക്കുളള നാഗപത്മക്കളം വരച്ചു. കളം പൂര്‍ത്തിയായതോടെ അമ്മ തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ക്ഷേതത്തിലെത്തി തുടര്‍ന്ന് ആയില്യം എഴുന്നള്ളത്ത് നടന്നു വലിയമ്മ സാവിത്രി അന്തര്‍ജനം നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും, ഇളയമ്മ സതി അന്തര്‍ജനം സര്‍പ്പയക്ഷിയമ്മയുടെയും കാരണവന്‍മാരായ എം.കെ കേശവന്‍ നമ്പൂതിരി നാഗചാമുണ്ഡിയമ്മയുടെ വിഗ്രഹവും, ജയകുമാര്‍ നമ്പൂതിരി നാഗയക്ഷിയമ്മയുടെ വിഗ്രഹവുമായി ക്ഷേത്രത്തിന് വലം വെച്ച് ഇല്ലത്തേക്ക് എത്തി. എഴുന്നള്ളത്ത് ഇല്ലത്ത് എത്തിയതോടെ അമ്മയുടെ കാര്‍മ്മികത്വത്തില്‍ ആയില്യം പൂജ ആരംഭിച്ചു. നൂറുംപാലും, ഗുരുതി, തട്ടിന്‍മേല്‍ നൂറുംപാലും ഉള്‍പ്പടെയുള്ള ആയില്യം പൂജകള്‍ അര്‍ദ്ധരാത്രിയോടെയാണ് പൂര്‍ത്തിയായത്. ആയില്യം പൂജകള്‍ക്ക് ശേഷം അമ്മയുടെ അനുമതിവാങ്ങി കുടുംബകാരണവര്‍ തട്ടിന്മേല്‍ നൂറുംപാലും നടത്തി. ഇതിന് ശേഷം അമ്മയുടെ ആചാരപരമായ ക്ഷേത്രദര്‍ശനത്തോടെ ആയില്യം നാളിലെ ആഘോഷങ്ങള്‍ പൂര്‍ത്തിയായി.
അനന്തന്‍ - വാസുകി ചൈതന്യങ്ങള്‍ കുടികൊള്ളുന്ന മണ്ണാറശ്ശാലയിലെ ആയില്യം എഴുന്നള്ളത്താണ് പ്രസിദ്ധം. ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ കുടിയിരിക്കുന്നത് വാസുകിയും നിലവറയിലുള്ളത് അനന്തനും. ഇവര്‍ ഇരുവരും അദ്വൈത ഭാവത്തിലെത്തുന്ന മുഹൂര്‍ത്തമാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ നടന്ന എഴുന്നള്ളത്ത്.