സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിയോടുകൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും വെള്ളി, ശനി ദിവസങ്ങളിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
അതേസമയം, വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മന്നാർ കടലിടുക്കിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. കൂടാതെ തെക്കൻ അറബിക്കടലിന്റെ മധ്യഭാഗത്തായും ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.