കൊല്ലത്തെ സദസ് നാളെ തീരും, കടയ്ക്കലിൽ കോട്ട കെട്ടി പൊലീസ്
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന ജില്ലയിലെ നവകേരള സദസ് ആഡംബര പര്യടനം നാളെ അവസാനിക്കും. ഇരവിപുരം, ചാത്തന്നൂർ, ചടയമംഗലം എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഇന്നത്തെ സദസ്. യൂത്ത് കോൺഗ്രസ് നേതാവിനെ മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ വെല്ലു വിളിച്ച ചടയമഗലം മണ്ഡലത്തിലെ കടയ്ക്കലിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോർട്ട് ഉദ്യോഗസ്ഥനായ എം.എസ്. ഗോപീകൃഷ്ണനാണ് കുമ്മിൾ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ കുമ്മിൾ ഷെമീറിനെ വെല്ലു വിളിച്ചു ഫേസ്ബുക്കിൽ കമന്റിട്ടത്. ‘കഴിയുമെങ്കിൽ വണ്ടി വഴിയിൽ തടയൂ, കൊല്ലം കടയ്ക്കലിൽ വച്ച്. എല്ലാ മറുപടിയും അന്നു തരാം’ എന്നായിരുന്നു ഗോപി കൃഷ്ണന്റെ കമന്റ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരേ നടത്തുന്ന നരനായാട്ടിനെതിരേ കുമ്മിൾ ഷെമീറിന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റായാണ് എം.എസ്. ഗോപി കൃഷ്ണൻ വെല്ലുവിളി നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എം.എസ്. ഗോപികൃഷ്ണൻ. എന്നാൽ ഇയാൾ നവകേരള സദസ് സംഘത്തിലില്ല. അയാളുടെ വെല്ലുവിളി യൂത്ത് കോൺഗ്രസ് ഏറ്റെടുത്ത സാഹചര്യത്തിലാണ് സുരക്ഷയുടെ പഴുതടച്ച്, പൊലീസ് കടയ്ക്കലിൽ കോട്ട കെട്ടിയത്.
മുഖ്യമന്ത്രിയുടെ നവകേരള സദസിൽ ആരാണ് പൗര പ്രമുഖർ എന്നു വെളിപ്പെടുത്തണമെന്നു കാണിച്ച് ചീഫ് സെക്രട്ടറിക്ക് വിവരാവകാശ അപേക്ഷ നൽകിയ ആളാണ് ഷെമീർ. എന്നാൽ, പൗര പ്രമുഖരുടെ യോഗ്യത എന്താണെന്ന് അറിയില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി. ഇതിനെതിരേ അപ്പീൽ പോകാനിരിക്കയാണ് ഷെമീർ. ഇതും ഗോപീകൃഷ്ണനെ പ്രകോപിപ്പിച്ചു.
അതിനിടെ കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനത്ത് നിശ്ചയിച്ചിരുന്ന നവകേരള സദസിന്റെ വേദി കയക്കൽ ബസ് സ്റ്റാൻഡിലേക്കു മാറ്റേണ്ടി വന്നതിൽ ജില്ലാ ഭരണകൂടത്തിനും സിപിഎം നേതൃത്വത്തിനും ജാള്യതയുണ്ട്. ഇത് ആളിക്കത്തിക്കാൻ ആരെങ്കിലും ശ്രമിക്കുമോ എന്നാണു പൊലീസിന്റെ ആശങ്ക.
ഇതിനെല്ലാം പുറമേ, സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ കിട്ടാതെ ശശിധരൻ എന്നയാൾ ആത്മഹത്യ ചെയ്തതും ഇതേ നിയോജക മണ്ഡലത്തിലാണ്. ഇതും മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടാൻ കാരണമായി. ജില്ലയിൽ ഏറ്റവും കൂടുതൽ പൊലീസിനെ വിന്യസിച്ച നിയോജക മണ്ഡലമാണ് ചടയമംഗലം.