ഉരുള്‍ പൊട്ടലിന് ഇന്ന് ഏഴാംനാള്‍: 209 പേര്‍ ഇന്നും കാണാമറയത്ത്
മേപ്പാടി: മുണ്ടക്കൈയെയും ചൂരല്‍മലയെയും തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടലിന് ഇന്ന് ഏഴാംനാള്‍. ദുരന്തഭൂമിയില്‍ ഇന്നും തിരച്ചില്‍ തുടരും. തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങള്‍ ഇന്നലെ സര്‍വമത പ്രാര്‍ഥനയോടെ പുത്തുമലയില്‍ സംസ്‌കരിച്ചു. ഉരുള്‍പൊട്ടലില്‍ 352 പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 221 മരണമാണ്. 209 പേരെ കാണാതായിട്ടുണ്ട്. ഇന്നലെ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് തിരച്ചില്‍ തുടരുക. കൂടുതല്‍ സ്ഥലങ്ങളില്‍ ഐബോഡ് പരിശോധന നടത്തും. മണ്ണിനടിയിലുള്ള വസ്തുക്കളുടെ രൂപം അറിയാനാണ് ഐബോഡ് പരിശോധന നടത്തുന്നത്. ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കും പ്രവേശനം ഇന്ന് നിയന്ത്രിക്കും. കൂടുതല്‍ ആളുകളെത്തുന്നത് തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി.
അതിനിടെ, സൂചിപ്പാറയ്ക്ക് അടുത്ത് കാന്തന്‍പാറയില്‍ ഇന്നലെ തെരച്ചിലിന് പോയി വനത്തില്‍ അകപ്പെട്ടവര്‍ ഇന്ന് തിരികെയെത്തും. ഇവിടെ കണ്ട മൃതദേഹം എടുക്കാന്‍ പോയതായിരുന്നു ഇവര്‍. കാട്ടാന ശല്യമുള്ളതിനാല്‍ രാത്രി തിരികെയെത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് ഇവര്‍ വനത്തില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്. തുടര്‍ച്ചയായ അവധികള്‍ക്ക് ശേഷം വയനാട്ടിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകളും കളക്ഷന്‍ സെന്ററുകളുമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി തുടരും.
ജൂലൈ 30ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മേപ്പാടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയത്. 2.30ഓടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. വെള്ളവും മണ്ണും കുത്തിയൊലിച്ച് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ചൂരല്‍മലയിലും കനത്ത നാശമുണ്ടാവുകയായിരുന്നു