കുവൈറ്റിനെആവേശഭരിതമാക്കി തൃശൂർ 'പൂരം2K24 '
കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക് ) തൃശ്ശൂർ പൂരത്തിന്റെ തനിമ നഷ്ടപെടാതെ പൂരം 2K24, ഏപ്രിൽ 26ന് വെള്ളിയാഴ്ച ഉച്ചക്ക് 3 മണി മുതൽ അബ്ബാസിയ അൽ ഹുദാ അൽ അഹ്‌ലിയ സ്കൂൾൽ വച്ചു സംഘടിപ്പിച്ചു. ട്രാസ്ക് പ്രസിഡന്റ് ബിജു കടവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനറും ട്രാസ്ക് വൈസ് പ്രസിഡന്റുമായ ജഗദാംബരൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി മുകേഷ് ഗോപാലൻ, വനിതാവേദി ജനറൽ കൺവീനർ ജെസ്നി ഷെമീർഎന്നിവരും അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി മാത്യു ജോസഫ്, ജോയ് ആലുക്കാസ് പ്രതിനിധി സൈമൺ പള്ളിക്കുന്നത്ത്, കളിക്കളം ജനറൽ കൺവീനർ അനഘ രാജൻ തുടങ്ങിയവരും ആശംസകളർപ്പിച്ച് സംസാരിച്ചു. ട്രഷറർ തൃതീഷ് കുമാർ നന്ദി രേഖപ്പെടുത്തി. സോഷ്യൽ വെൽഫയർ കൺവീനർ സിജു എം എൽ, ആർട്സ് കൺവീനർ ബിജു സി. ഡി, സ്പോർട്സ് കൺവീനർ ജിൽ ചിന്നൻ, ജോയിൻറ് ട്രഷററും മീഡിയ കൺവീനറും ആയ സതീഷ് പൂയത്ത്, വനിതാവേദി സെക്രട്ടറി ഷാന സിജു, വനിതാവേദി ജോയിൻറ് സെക്രട്ടറി സക്കീന അഷ്‌റഫ്, പൂരം 2K24 ന്റെ ജോയിൻറ് കൺവീനർമാരായ വിനോദ് മേനോൻ, മനോജ് കുറുമ്പയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
തൃശ്ശൂർ പൂരത്തിന്റെ എക്സിബിഷൻ സ്റ്റാളുകളെ ഓർമപ്പെടുത്തുന്ന സ്റ്റാളുകൾ, അംഗങ്ങൾ ഒരുക്കിയ നാടിനെ ഓർമപ്പെടുത്തുന്ന തട്ടുകടകൾ, വിവിധതരം പായസങ്ങൾ, അച്ചാറുകൾ, ശീതളപാനീയങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കുട്ടികൾക്കുള്ള കളിക്കോപ്പുകൾ, വസ്ത്രങ്ങൾ, ഫാൻസി ആഭരണങ്ങൾ എന്നിവയും മറ്റു ജില്ലാ അസോസിയേഷനുകളുടേതടക്കമുള്ള സ്റ്റാളുകൾ കൊണ്ട് എക്സിബിഷൻ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പായി മാറി.
കേളി വാദ്യകലാപീഠത്തിന്റെ ഓളം കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച പഞ്ചവാദ്യ മേളവും, നാടൻ കലാരൂപങ്ങളും, കാവടിയും ചേർന്ന് പൂരത്തിനെ ഓർമപ്പെടുത്തുന്ന ആർപ്പു വിളികളോട് കൂടിയ ഘോഷയാത്ര ശ്രദ്ധേയമായി. മുത്തുകുടയും നെറ്റിപ്പട്ടവും ചാർത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഓർമപ്പെടുത്തിയ ഗജവീരനും പൂര നഗരിയിൽ എത്തിച്ചേർന്നവർക്ക് എന്നെന്നും ഓർമ്മിക്കാൻ ഒരു ദിനം ആയി മാറി. അംഗങ്ങൾ നടത്തിയ വിവിധയിനം കലാപരിപാടികളും ചെറുനാടകങ്ങളും സെപ്റ്റം മ്യൂസിക് കലാകാരൻമാർ അവതരിപ്പിച്ച ഗാനമേളയും പൂരനഗരിയെ ആവേശഭരിതമാക്കി.